7 അതിവേഗ പാതകളിൽ ബുള്ളറ്റ് ട്രെയിൻ, 350കീ.മീ വേഗം
ന്യൂഡൽഹി: മുംബയ്-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ച് നിലവിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് കേന്ദ്ര ബഡ്‌ജറ്റിൽ ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. തൂണുകൾക്ക് മേൽ സ്ഥാപിക്കുന്ന പാതകളിലൂടെ മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടുമെന്നും മന്ത്രി വ്യക്തമാക്കി.
മുംബയ്-അഹമ്മദാബാദ് പദ്ധതിയിൽ നിന്ന് ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബുള്ളറ്റ് ട്രെയിൻ പാതകൾ സജ്ജീകരിക്കാനുള്ള ദൗത്യമാണ് സർക്കാർ ഏറ്റെടുക്കുന്നത്. തൂണുകൾക്ക് മേൽ സ്ഥാപിച്ച പാതയായതിനാൽ ബുള്ളറ്റ് ട്രെയിൻ ജനജീവിതത്തിന് തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബയ്-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ. ചെന്നൈ-ബംഗളൂരു യാത്ര 1.5 മണിക്കൂറും ബംഗളൂരു-ഹൈദരാബാദ്,
ഹൈദരാബാദ്-ചെന്നൈ യാത്രകൾ രണ്ടു മണിക്കൂറുമായും കുറയും. പൂനെ-ഹൈദരാബാദ് ട്രെയിൻ 1.55 മണിക്കൂറിലും പൂനെ-മുംബയ് റൂട്ടിൽ 45 മിനിട്ടിലും യാത്ര പൂർത്തിയാക്കും. ഡൽഹി-വാരണാസി യാത്രാ 3.5 മണിക്കൂറായി കുറയും. വാരണാസി-സിലിഗുരി യാത്രയ്‌ക്ക് 2. 55 മണിക്കൂർ മതിയാകുമെന്നും മന്ത്രി പറഞ്ഞു.