മണിപ്പൂരിൽ രാഷ്ട്രപതി ഭരണം മാറാൻ സാദ്ധ്യത
ന്യൂഡൽഹി: എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി പദം രാജി വച്ചതിനു പിന്നാലെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മണിപ്പൂരിൽ പുതിയ ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ നീക്കം. പുതിയ ബി.ജെ.പി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് അടക്കം മേൽനോട്ടം വഹിക്കാൻ മുതിർന്ന നേതാവ് തരുൺ ചുഗിനെ കേന്ദ്ര നിരീക്ഷകനായി ബി.ജെ.പി പാർലമെന്ററി ബോർഡ് നിയമിച്ചു. കേന്ദ്രനേതൃത്വം വിളിപ്പിച്ചതിനെ തുടർന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാർ ഇന്നലെ ഡൽഹിയിലെത്തിയിരുന്നു. 2025 ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്. ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണിത്. 60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്‌പീക്കർ തോക്ചോം സത്യബ്രത സിംഗിനാണ് സാദ്ധ്യത. പൊതുമരാമത്ത് മന്ത്രിയായിരുന്ന തോൻഗം ബിസ്വജിത് സിംഗ്,പാർട്ടി എം.എൽ.എ യുംനാം ഖേംചന്ദ് സിംഗ് എന്നിവരുടെ പേരുകളും കേൾക്കുന്നു.