ഹസീനയ്ക്ക് 10 വർഷം കഠിന തടവ്
ധാക്ക: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 10 വർഷം കഠിന തടവ്. രണ്ട് വ്യത്യസ്ത അഴിമതിക്കേസുകളിലാണ് ശിക്ഷ (ഓരോന്നിനും അഞ്ച് വർഷം വീതം). 1,00,000 ടാക്ക പിഴയും വിധിച്ചു. ഇന്നലെ ധാക്കയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സർക്കാർ ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി ഭൂമി അനുവദിച്ചെന്ന പേരിലാണ് കേസുകൾ. ഹസീന അധികാരം ദുരുപയോഗം ചെയ്തെന്നും തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഭൂമി നേടിയെടുത്തെന്നും കോടതി ആരോപിച്ചു.
ഹസീനയുടെ സഹോദരി രഹനയുടെ മകളും ബ്രിട്ടീഷ് എം.പിയുമായ ടുലിപ് സിദ്ദിഖിന് 4 വർഷം തടവും വിധിച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്റ്റ് 5ന് അധികാരമൊഴിഞ്ഞ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
ശിക്ഷ ഉയരുന്നു
പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന്, നവംബർ 17ന് ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു
ആറ് അഴിമതിക്കേസുകളിലായി ഹസീനയ്ക്ക് ഇതുവരെ വിധിച്ചത് 36 വർഷം ജയിൽ ശിക്ഷ (പുതിയ വിധി ഉൾപ്പെടെ). കോടതിയലക്ഷ്യ കേസിൽ 6 മാസം ജയിൽശിക്ഷയും വിധിക്കപ്പെട്ടിരുന്നു
കേസുകൾ കെട്ടിച്ചമച്ചവയാണെന്ന് ഹസീന