യു.എസുമായി ആണവ ചർച്ചയ്ക്ക് ഇറാൻ
ടെഹ്‌റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ശക്തമാക്കിയ പിന്നാലെ, ആണവ ചർച്ചയ്ക്ക് തയ്യാറായി ഇറാൻ. യു.എസുമായി ആണവ ചർച്ച തുടങ്ങാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഉത്തരവിട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യു.എസ്, ഇറാൻ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച വെള്ളിയാഴ്ച തുർക്കിയിലെ ഇസ്താംബുളിൽ നടക്കും.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ കണ്ടേക്കും. ഇതുവരെ അഞ്ച് റൗണ്ട് പരോക്ഷ ആണവ ചർച്ചകളാണ് ഇറാനും യു.എസും നടത്തിയത്. ആറാം റൗണ്ട് ചർച്ചയ്ക്ക് തൊട്ടുമുമ്പ്, കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലും യു.എസും ചേർന്ന് ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാൻ ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്നാണ് യു.എസിന്റെ ആവശ്യം.
ആണവ പദ്ധതി പരിമിതപ്പെടുത്താനുള്ള കരാറിന് തയ്യാറാണെന്നും എന്നാൽ അത് പൂർണമായും ഇല്ലാതാക്കാൻ ഒരുക്കമല്ലെന്നും ഇറാൻ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ആണവായുധം നിർമ്മിക്കാതിരുന്നാൽ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുമെന്ന ധാരണയിൽ യു.എസും പാശ്ചാത്യ രാജ്യങ്ങളും ചേർന്ന് ആവിഷ്കരിച്ച കരാർ 2016ൽ പ്രാബല്യത്തിൽ വന്നിരുന്നു. കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണ പരിധി ഇറാൻ നിജപ്പെടുത്തുകയും അരക് അടക്കം ആണവ റിയാക്ടറുകളിലെ പ്രവർത്തനം നിറുത്തുകയും ചെയ്തിരുന്നു.
എന്നാൽ 2018ൽ ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് യു.എസ് കരാറിൽ നിന്ന് പിന്മാറി. ഇതിലും മികച്ച കരാർ രൂപപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാദം. ജൂണിലെ ആക്രമണത്തിനിടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസ് ബോംബിട്ടിരുന്നു. ഇതോടെ ഇറാന്റെ ആണവശേഷി പൂർണമായും തകർത്തെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ അംഗീകരിച്ചില്ല.
അതേ സമയം, യു.എസിന്റെ നാവിക വ്യൂഹം മേഖലയിൽ നിലയുറപ്പിച്ച സാഹചര്യത്തിലും ട്രംപിന്റെ ആക്രമണ ഭീഷണികൾ തുടരുന്നതിനാലും ഇറാനിലെ ആണവ നിലയങ്ങൾ അതീവ ജാഗ്രതയിലാണ്. നതാൻസിലെയും ഫോർഡോയിലെയും ഇസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങളിലാണ് യു.എസ് നേരത്തെ ബോംബിട്ടത്. ഇവിടെ നാശനഷ്ടം മറയ്ക്കാൻ ഇറാൻ പുതിയ കവചങ്ങൾ നിർമ്മിക്കുന്നതായി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.