ജില്ലയിൽ ആശങ്കയായി പകർച്ച വ്യാധികൾ; ഒരുമാസത്തിനിടെ ചികിത്സ തേടിയത്  5983  പേർ

Tuesday 03 February 2026 8:07 AM IST

ഇടുക്കി: ജില്ലയിൽ പകർച്ച വ്യാധികൾ പടരുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ പോക്‌‌സ്, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 5983 പേരാണ് ഈ വർഷം മാത്രം ഇടുക്കി ജില്ലയിൽ വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിഗണിച്ചാൽ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികൾക്ക് ചിക്കൻ പോക്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പത്തുപേരാണ് എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 24 പേർക്ക് മലേറിയയും പിടിപ്പെട്ടു. കുട്ടികളിൽ മുണ്ടിനീരും വ്യാപകമാകുന്നതായി റിപ്പോർട്ടുണ്ട്. ഏഴുപേർ കുഷ്ഠരോഗത്തിനും ചികിത്സയിലുണ്ട്.

ജില്ലയില്‍ ചിക്കന്‍ പോക്‌സ് പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറത്തിറക്കിയിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പ്രധാന ലക്ഷണങ്ങള്‍: പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെയാണ് സമയമെടുക്കുക.

ഗുരുതരമാകാനിടയുള്ളവര്‍

ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍

ഗര്‍ഭിണികള്‍

മുതിര്‍ന്ന പൗരന്മാര്‍

ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍

പ്രതിരോധശേഷി കുറഞ്ഞവര്‍