'അയാളാൽ അപമാനിക്കപ്പെട്ടു, നാലുവർഷം സിനിമയിൽ നിന്ന് മാറിനിന്നു'; ചെയ്ത തെറ്റിനെക്കുറിച്ച് നടൻ മാധവൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തമിഴ് നടനാണ് മാധവൻ. മലയാള സിനിമകളിൽ അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് മാധവൻ സുപരിചിതനാണ്. ആദിത്യ ധർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ധുരന്ധറിലും മാധവൻ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു. അടുത്തിടെ നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
തനിക്ക് സിനിമാജീവിതത്തിൽ നിന്ന് നാല് വർഷം മാറിനിൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് മാധവൻ വെളിപ്പെടുത്തിയത്. അതിനുള്ള കാരണവും മാധവൻ തന്നെ പറഞ്ഞിരിക്കുകയാണ്. 2011ൽ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെന്നാണ് അദ്ദേഹം പറയുന്നത്. അതിനുശേഷമാണ് വിക്രം വേദയിൽ അഭിനയിച്ചതെന്നും മാധവൻ പറഞ്ഞു.
'ഞാൻ ചെയ്യുന്ന ജോലിയിൽ വളരെ നിരാശ തോന്നി. അതുകൊണ്ടാണ് ഇടവേള എടുത്തത്. സ്വിറ്റ്സർലാൻഡിൽ ഒരു തമിഴ് ഗാനത്തിന്റെ ചിത്രീകരണത്തിനായി പോയി. അവിടെ ഓറഞ്ച് പാന്റും പച്ച ഷർട്ടും ധരിച്ച് ഞാൻ ഗാനരംഗം അഭിനയിക്കുകയായിരുന്നു. റോഡിന്റെ നടുവിലായിരുന്നു ഷൂട്ടിംഗ്. അപ്പോൾ അവിടെയുള്ള ഒരു കർഷകൻ ചായയും കുടിച്ച് ഞങ്ങളെ പുച്ഛത്തോടെ നോക്കുന്നത് ഞാൻ കണ്ടു. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നാണ് നോക്കിയത്. അയാളാൽ അപമാനിക്കപ്പെട്ടെന്നു തോന്നി. ഞാൻ അയാളെ നോക്കിയിട്ട് ചെന്നൈയിലേക്ക് വാ ഞാൻ ആരാണെന്ന് കാണിച്ചുതരാമെന്ന് മനസിൽ പറഞ്ഞു.
എനിക്ക് ശരിക്കും ദേഷ്യം വന്നു. പക്ഷെ പെട്ടെന്ന് ചില ചിന്തകൾ എന്റെ മനസിലേക്ക് വന്നു. അക്ഷരാർത്ഥത്തിൽ ഞാൻ മറ്റുള്ളവരുടെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുകയാണ്. എനിക്ക് തോക്ക് കൈകാര്യം ചെയ്യാനറിയാം, റിമോട്ട് വാഹനങ്ങൾ പറത്താനും കുതിര സവാരി ചെയ്യാനുമറിയാം. പക്ഷെ സിനിമകളിൽ ഞാൻ ഇതൊന്നും കാണിക്കുന്നില്ല. പ്രേക്ഷകരെ ആകർഷിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്ത ഒരൊറ്റ കാര്യം. അത് എന്നെ സൂപ്പർസ്റ്റാറാക്കി. ഞാൻ ചെയ്യുന്ന തെറ്റ് മനസിലായി. അങ്ങനെയാണ് സിനിമയിൽ നിന്ന് ഇടവേള എടുക്കാമെന്ന് തീരുമാനിച്ചത്.
രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാക്കാൻ ആഗ്രഹിച്ചു. പരസ്യചിത്രങ്ങൾ ചെയ്യുന്നതുവരെ നിർത്തി. താടി വളർത്തി, ചെന്നൈയിലും ഇന്ത്യയിലെ മറ്റുസ്ഥലങ്ങളിലും ധാരാളം യാത്ര ചെയ്തു. റിക്ഷാക്കാരോട് സംസാരിച്ചു. അവരുടെ ആവശ്യമെന്താണ്, അവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കി. ആ നാല് വർഷത്തെ ഉൾക്കാഴ്ചയിലൂടെയാണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത്'- മാധവൻ പറഞ്ഞു.