ശാന്തമീ രാത്രിയുടെ 'സംഗീതരാജൻ'; എസ്‌പി വെങ്കിടേഷ് അന്തരിച്ചു

Tuesday 03 February 2026 12:23 PM IST

ചെന്നെെ: സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നെെയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

സംഗീതരാജൻ എന്നറിയപ്പെടുന്ന എസ്‌പി വെങ്കിടേഷ് 1955 മാർച്ച് അ‌ഞ്ചിന് തമിഴ്നാട്ടിലാണ് ജനിച്ചത്. 1971ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975ൽ കന്നട സിനിമയിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച വെങ്കിടേഷ് 1981ൽ 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായത്. 1983ലാണ് മലയാള സംഗീതത്തിൽ സജീവമാകുന്നത്. തൊണ്ണൂറുകളോടെ എസ്‌പി വെങ്കിടേഷ് മലയാളത്തിൽ തിളങ്ങി.

1985ൽ 'ജനകീയകോടതി' എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായി എസ്‌പി വെങ്കിടേഷ് മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത്. 'രാജാവിന്റെ മകൻ' എന്ന ചിത്രത്തിലൂടെ വെങ്കിടേഷിന്റെ പേര് ജനങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. അന്ന് സിനിമയോടൊപ്പം സിനിമയുടെ പാശ്ചാത്തല സംഗീതവും ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടര്‍ക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍, കിലുക്കം, മിന്നാരം, സ്‌ഫടികം, വാൽസല്യം, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിയ നിരവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1993ൽ പെെതൃകം, ജനം എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.