ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്
Tuesday 03 February 2026 1:18 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഇന്ന് രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചനകൾ.
ഹിമാചൽ റോഡ്‌വേസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം യാത്രക്കാർ അപകടസമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. ദക്പഥർ, ചക്രത, മോറി, ട്യൂണി എന്നിവിടങ്ങളിൽ നിന്നുള്ള എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.