മനോഹരമായ പൂക്കളും കായ്‌കളും ഇലകളുമെല്ലാം വിഷം, പക്ഷെ നാട്ടിലും കാട്ടിലുമെല്ലാം ഈ ചെടി സുലഭം

Tuesday 03 February 2026 6:38 PM IST

പൂന്തോട്ടങ്ങളിലും വഴിയോരത്തുമെല്ലാം കാണുന്ന മഞ്ഞയും ഓറഞ്ചും പിങ്കും നിറമുള്ള അരിമണിയുടെ മാത്രം വലിപ്പമുള്ള പൂക്കൾ. കണ്ടാൽ വലിയ പ്രശ്‌നമില്ല എന്നാലിവ അടിമുടി വിഷമയമാണെന്ന് എത്രപേർക്കറിയാം. നമ്മുടെ നാട്ടിലും കാട്ടിലുമെല്ലാം കാടുപോലെ പടർന്നുനിൽക്കാറുള്ള ഒരു ചെടിയുടെ കാര്യമാണ് പറഞ്ഞത്. അരിപ്പൂച്ചെടി അഥവാ കൊങ്ങിണി പൂവ് എന്നിങ്ങനെ പേരുള്ള ചെറിയ പൂക്കളുണ്ടാകുന്ന ഈ ചെടി വളരെ ശ്രദ്ധിക്കേണ്ടതാണ്. ലാന്റാന എന്ന ഇംഗ്ളീഷ് പേരിലറിയപ്പെടുന്ന ഈ ചെടിയുടെ അടുത്ത് കൊച്ചുകുട്ടികളോ വളർത്തുമൃഗങ്ങളോ പോകാതിരിക്കാൻ ശ്രദ്ധിക്കണം.

പൂന്തോട്ടങ്ങളിൽ വളർത്താനും വഴിയരികിൽ ഭംഗിയാക്കാനും വഴിയരികുകളിലും ഇവ പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ ധാരാളമായി വച്ചുപിടിപ്പിച്ചു. എന്നാൽ അധിനിവേശ സസ്യമായ ഇവ ചെറുജീവികൾക്ക് മാത്രമല്ല മറ്റ് ചെടികൾക്കും ദോഷം വരുത്തിവച്ചു. അമേരിക്കയാണ് ഈ ചെടിയുടെ ജന്മദേശം. പുഷ്‌പങ്ങളുടെ രൂപം, വലിപ്പം, നിറം, ഇലകൾ, പൂക്കൾ എന്നിവ ഓരോ ഇനത്തിനും വ്യത്യസ്‌തമാണ്.

പശുക്കളെ ഇവയുടെ അടുത്തേക്ക് വിടരുതെന്ന് പറയാറുണ്ട്. ആദ്യം പൂവ് വിരിയുമ്പോൾ മഞ്ഞ നിറമാണ് ക്രമേണ മറ്റ് നിറമായി മാറും. നിത്യപുഷ്‌പിണിയാണ് ഈ ചെടി.ഇതിൽ ലന്റാന കാമറ എന്ന വിഭാഗമാണ് എല്ലായിടത്തും ധാരാളമായി പ്രചരിക്കുന്നത്. ഏറെ മൃദുവായ കായ്‌കൾ ഇവയ്‌ക്കുണ്ട്. ഇത് ചിലർ കഴിക്കാൻ ശ്രമിക്കാറുണ്ട്.

ഈ ചെടിയിലെ വിഷാശം വലിയ അളവിൽ ശരീരത്തിലെത്തിയാൽ ഛർദ്ദി,​ വയറുവേദന,​ വയറിളക്കം,​ ശ്വാസതടസ്സം എന്നിവയുണ്ടാകും. ഇവ മുറിക്കുമ്പോൾ പോലും വായ്, മൂക്ക് എന്നിവ മൂടിയശേഷം വേണമെന്നാണ് വിദഗ്ദ്ധാഭിപ്രായം. നമ്മുടെ നാട്ടിലെ പാരമ്പര്യചികിത്സയിൽ ക്യാൻസ‌ർ, ത്വക് രോഗങ്ങൾ, കുഷ്‌ഠം, ആസ്‌ത്‌മ എന്നിവയുണ്ടാകാതിരിക്കാൻ ഈ ചെടി ഉപയോഗിച്ചിരുന്നു. ചിത്രശലഭങ്ങൾ ഇവ പ്രധാനമായും ആഹാരമാക്കുന്ന പതിവുണ്ട്.