മേൽപ്പാലം അറ്റകുറ്റപണി പൂർത്തീകരിക്കണം
കണ്ണൂർ:പപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.മാർച്ച് ആദ്യ വാരം പരീക്ഷകൾ തുടങ്ങുന്ന സാഹചര്യത്തിൽ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പാലം അടച്ചിടുന്നത് വിദ്യാർത്ഥികളെയും സർക്കാർ ജീവനക്കാരെയും മറ്റു ജോലിക്കാരെയും ഒരുപോലെ ബാധിക്കും. ഫെബ്രുവരി 5 മുതൽ പാലങ്ങൾ അടച്ചിടാൻ തീരുമാനിച്ചിരിക്കെ യാത്രക്കാർക്കുണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനും നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മുൻപ് രണ്ട് തവണ അറ്റകുറ്റ പണികൾ ചെയ്തിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ ഇനിയും ഒരു 'താൽക്കാലിക പാച്ചിംഗ്' ആവാതെ ശാശ്വത പരിഹാരം ഉറപ്പുവരുത്തണം.പണി വേഗത്തിൽ തീർക്കാൻ രാത്രിയും പകലും ഷിഫ്റ്റിൽ ജോലി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാൽ ഒരു മാസത്തെ കാലാവധി കുറയ്ക്കാൻ സാധിക്കും. ബദൽ റോഡുകളിലെ കുഴികൾ അടച്ചു ഗതാഗത സൗകര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.