കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന് നെഹ്റു കോളേജിൽ ഇന്നു തുടക്കം
കാഞ്ഞങ്ങാട് കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം ഇന്നു മുതൽ എട്ടുവരെയായി നെഹ്‌റു കോളേജിൽ നടക്കും. സ്റ്റേജിതര മത്സരങ്ങൾക്ക് ഇന്ന് രാവിലെ 10ന് ഒന്നാം വേദിയായ മിനി ഓഡിറ്റോറിയത്തിൽ ഓടക്കുഴൽ പുരസ്‌കാര ജേതാവ് ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും സർവകലാശാല യൂണിയൻ ചെയർമാൻ നന്ദജ് ബാബു അദ്ധ്യക്ഷത വഹിക്കും.ഉണ്ണി കാനായി മുഖ്യാതിഥിയാകും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ആറിന് ഉച്ചയ്ക്ക് 2ന് മന്ത്രി ഒ.ആർ.കേളു നിർഹിക്കും. സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ അദ്ധ്യക്ഷത വഹിക്കും. പ്രകമ്പനം സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ മുഖ്യാതിഥികളാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
അഞ്ച് ദിവസം നീളുന്ന കലോത്സവത്തിലെ 141 ഇനങ്ങളിൽ 3590 മത്സരാർത്ഥികൾ പങ്കെടുക്കും. കാസർകോട്, കണ്ണൂർ ജില്ലകളിലും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെയും 99 കോളേജുകളിൽനിന്നുള്ള മത്സരാർത്ഥികളാണ് മത്സരത്തിനെത്തുന്നത്. നെഹ്‌റു കോളേജിനു പുറമെ പടന്നക്കാട് കാർഷിക കോളേജ്, അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും വേദികളുണ്ടാകും. തെരുവ് നാടക മത്സരം ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ അരങ്ങേറും. കോളേജിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും കാഞ്ഞങ്ങാട് നഗരസഭ ചെയർമാനുമായ വി.വി.രമേശൻ, ജനറൽ കൺവീനർ കെ.പ്രണവ്, സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എ. അശോകൻ, കോളേജ് പ്രിൻസിപ്പൽ ഡോ.ടി.ദിനേശ്, ഇ.മോഹനൻ, എം.ദിൽജിത്ത് എന്നിവർ സംബന്ധിച്ചു.