രണ്ടുമാസമായി ശമ്പളമില്ല; വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസ് പൂട്ടി ലീവെടുത്ത് ജീവനക്കാരുടെ പ്രതിഷേധം

Tuesday 03 February 2026 9:13 PM IST

കണ്ണൂർ : രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വളപട്ടണം ഗ്രാമ പഞ്ചായത്ത് ജീവനക്കാർ ലീവെടുത്ത് ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചു.പഞ്ചായത്തിന്റെ ഒരു കോടിയിലേറെ രൂപ വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ നിന്നും തിരിച്ച് ലഭിക്കാത്തതോടെയാണ് കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങിയത്.

പതിനാല് ജീവനക്കാരുള്ള ഓഫീസിന് ദൈനംദിന ചിലവിന് പോലും മാർഗം ഇല്ലാത്ത അവസ്ഥയിലാണ് . ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉണ്ടായിരുന്ന പഞ്ചായത്തിന്റെ രണ്ട് കോടിയോളം രൂപ വളപട്ടണം സഹകരണ ബാങ്കിലേക്ക് മാറ്റിയിരുന്നു. കടുത്ത സാമ്പത്തിക ബാദ്ധ്യത നേരിടുന്ന ബാങ്കിന് പഞ്ചായത്തിന്റെ പണം തിരികെ നൽകാൻ സാധിക്കാതെ വന്നതോടെയാണ് പ്രതിസന്ധി കടുത്തത്.

സഹ.ബാങ്കിലേക്ക് മാറ്റിയത് പ്രതിസന്ധി മറികടക്കാൻ

ലീഗ് ഭരണസമിതിക്ക് കീഴിലുള്ള ബാങ്കിന്റെ പ്രതിസന്ധി മറികടക്കാനാണ് മുസ്‌ലിംലീഗ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വൻ തുക നിക്ഷേപം നൽകിയത്. എന്നാൽ വായ്പാ തിരിച്ചടവ് അടക്കം മുടങ്ങിയതോടെ വളപട്ടണം ബാങ്കിന് നിക്ഷേപം തിരിച്ചു നൽകാൻ പറ്റാത്ത അവസ്ഥയാണ്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സഹായം നൽകണമെന്നാവശ്യപ്പെട്ട് തദ്ദേശ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് പുതിയ പഞ്ചായത്ത് ഭരണസമിതി.