എൽ.ഡി.എഫിന്റെ ലക്ഷ്യം ലോകത്തിന് മുന്നിൽ നവകേരളത്തെ അടയാളപ്പെടുത്തൽ: എം വി ഗോവിന്ദൻ

Tuesday 03 February 2026 10:11 PM IST

പഴയങ്ങാടി: ഭൂരിപക്ഷ -ന്യൂനപക്ഷ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുമ്പോഴും അതിന് അനുവദിക്കില്ലെന്ന ഉറച്ച നിലപാട് എടുത്ത ജനങ്ങളും അതിന് പിന്തുണ നൽകി ഉറച്ച നിലപാട് എടുത്ത എൽ.ഡി.എഫ് സർക്കാരുമാണ് കേരളത്തിലെ സമാധാന അന്തരീക്ഷത്തിന് കാരണമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.എൽ.ഡി.എഫിന്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് പഴയങ്ങാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരളം പടുത്തുയർത്തി കേരളത്തെ ലോകത്തിന് മുന്നിൽ അടയാളപെടുത്തുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു മൂന്നാമതും എൽ.ഡി.എഫ് ഗവൺമെന്റ് അധികാരത്തിൽ എത്തുന്ന തരത്തിലാണ് വികസന ജാഥാ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്നലെ രാവിലെ പത്ത് മണിയോടെ എരിപുരം സർക്കിളിന് സമീപത്ത് നിന്ന് തുറന്ന വാഹനത്തിൽ ജാഥയെ വരവേറ്റു. ആയിരക്കണക്കിന് പ്രവർത്തകരാണ് പഴയങ്ങാടിയിൽ എത്തിയത്. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ സ്വീകരിച്ചു. പി.വി. ബാബുരാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ.പത്മനാഭൻ,അഡ്വ.പി.സന്തോഷ്കുമാർ എം.പി,എം.വിജിൻ എം.എൽ.എ,ടി.വി. രാജേഷ്,സി കെ.പി പത്‌മനാഭൻ,സി പി.സന്തോഷ്കുമാർ,സി പി.മുരളി, ബാബു ഗോപിനാഥ് ,വി.വിനോദ് തുടങ്ങിയവർ സംബന്ധിച്ചു.