തീരുമാനം മാറ്റിയില്ലെങ്കില്‍ പാകിസ്ഥാനില്‍ ക്രിക്കറ്റ് എന്നെന്നേക്കുമായി അവസാനിക്കും, കാത്തിരിക്കുന്നത് കടുത്ത നടപടികള്‍

Tuesday 03 February 2026 10:43 PM IST

ദുബായ്: ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള അതേ ആവേശം തന്നെയാണ് പാകിസ്ഥാനികള്‍ക്കും ഉള്ളത്. എന്നാല്‍ കളിക്കളത്തിലെ പ്രകടനത്തില്‍ ഇന്ത്യ മുന്നിട്ട് നില്‍ക്കുമ്പോള്‍ പണ്ടെങ്ങോ ഉണ്ടായിരുന്ന പ്രതാപത്തിന്റെ ഏഴ് അയലത്ത് പോലുമല്ല പാകിസ്ഥാന്‍ ക്രിക്കറ്റ് ഇന്നുള്ളത്. നിരവധി പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുന്ന രാജ്യത്ത് ക്രിക്കറ്റില്‍ നാള്‍ക്കുനാള്‍ പിന്നോട്ട് പോകുന്നത് പാകിസ്ഥാനിലെ ആരാധകരെ കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന് ഒട്ടും ശുഭസൂചനയല്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനാണ് പാകിസ്ഥാന്റെ തീരുമാനം. പാകിസ്ഥാന്‍ സര്‍ക്കാര്‍ ആണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഇനിയും പ്രതികരിച്ചിട്ടില്ല. രാജ്യത്തെ ആഭ്യന്തര മന്ത്രിയായ മൊഹ്‌സിന്‍ നഖ്‌വി ആണ് പിസിബി തലപ്പത്തുള്ളത് എന്നതിനാല്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് മറിച്ചൊന്ന് പ്രതീക്ഷിക്കേണ്ടതില്ല. ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

തീരുമാനം മാറ്റാന്‍ പാകിസ്ഥാന് ഇനിയും സമയമുണ്ട്. ഇപ്പോഴത്തെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയില്ലെങ്കില്‍ വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് ഐസിസി പോകും. പാകിസ്ഥാനിലെ ട്വന്റി 20 ലീഗായ പിഎസ്എല്ലില്‍ കളിക്കാന്‍ വിദേശ താരങ്ങള്‍ക്ക് എന്‍ഒസി നല്‍കില്ല. ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ അത് ആഗോള ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇന്ത്യയുമായി ഉടക്കി നില്‍ക്കുന്ന ബംഗ്ലാദേശ് മാത്രമായിരിക്കും പിന്നെ പാകിസ്ഥാനൊപ്പമുണ്ടാകുക.

എന്നാല്‍ ഇന്ത്യയെ പിണക്കുന്നതില്‍ ബിസിബിക്ക് ഉള്ളില്‍ പോലും രണ്ടഭിപ്രായമുണ്ടെന്നിരിക്കെ ബംഗ്ലാദേശും സ്വന്തം നിലനില്‍പ്പ് നോക്കാന്‍ തീരുമാനിച്ചാല്‍ അവിടെയും തിരിച്ചടി നേരിടേണ്ടി വരും പാകിസ്ഥാന്. തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പിസിബി പരിഗണിക്കുമെന്ന് ഐസിസി പ്രത്യാശിക്കുന്നു. ലോകകപ്പ് വിജയകരമായി നടപ്പാക്കുക എന്നതാണ് ഐസിസിയുടെ മുന്‍ഗണന, ഇത് പിസിബി ഉള്‍പ്പെടെയുള്ള എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്വമായിരിക്കണം. എല്ലാ പങ്കാളികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന, പരസ്പരം അംഗീകരിക്കാവുന്ന ഒരു പരിഹാരം കണ്ടെത്താന്‍ പിസിബി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിസി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.