കേന്ദ്രത്തിന്റെ പൂർണ അവഗണന: മുഖ്യമന്ത്രി

Wednesday 04 February 2026 1:00 AM IST

തൃശൂർ: കേന്ദ്ര ബഡ്ജറ്റിൽ ആശ്വാസമുണ്ടാകുമെന്ന് കരുതിയെങ്കിലും കേരളത്തെ പൂർണമായി അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ പ്രയാണം ചേലക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ കുറിച്ചുള്ള പരാമർശം പോലും ഉണ്ടായില്ല. ബഡ്ജറ്റിന് മുൻപുള്ള ഇക്കണോമിക്‌സ് സർവേയിൽ നേട്ടങ്ങളുടെ പേര് പരാമർശിച്ചപ്പോഴെല്ലാം കേരളമെന്ന പേര് കേട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയെ അംഗീകരിക്കുന്നില്ല എന്ന തെറ്റ് മാത്രമാണ് കേരളം ചെയ്തത്. ഫെഡറൽ തത്വം പൂർണമായും നിരാകരിച്ച് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുകയാണ് കേന്ദ്രം. കർണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം നാടിന്റെ വികസനത്തിനായി ഭരണപ്രതിപക്ഷങ്ങൾ ഒരുമിച്ച് നിൽക്കുന്നുണ്ട്. ഇവിടെ നിർഭാഗ്യകരമാണ് കാര്യങ്ങൾ. വികസനം ഇപ്പോൾ വേണ്ട എന്ന നിലപാടിലാണ് പ്രതിപക്ഷം. ഈ നിലപാട് ജനങ്ങൾക്കും നാടിനും എതിരെയാണ്.

ബി.ജെ.പിയുടെ ബി ടീമാകുകയാണ് കേരളത്തിലെ കോൺഗ്രസ്. കേരളത്തിന് കൂടുതൽ ധനകാര്യ കമ്മിഷൻ വിഹിതത്തിന് അർഹതയുണ്ട്. എന്നാൽ 80000 കോടിയുടെ കുറവ് വരുത്തി സാമ്പത്തികമായി ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ശ്രീകുമാരൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടനും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി ഉപഹാരം നൽകി. മുഖ്യമന്ത്രിക്കുള്ള ചേലക്കരയുടെ സ്‌നേഹോപഹാരം യു.ആർ.പ്രദീപ് എം.എൽ.എ കൈമാറി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജാണ് എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ മാനേജർ.