അരിവിഹിതം കുറച്ചു, റേഷൻ വ്യാപാരികൾക്ക് വരുമാനനഷ്ടം
ആലപ്പുഴ: പൊതുവിഭാഗത്തിനുള്ള (വെള്ള കാർഡ്) അരി വിഹിതം വെട്ടിക്കുറച്ചതോടെ വരുമാന നഷ്ടത്തിൽ റേഷൻ വ്യാപാരികൾ. ആറുകിലോ അരി, രണ്ടുകിലോ ആക്കിയതാണ് വരുമാന നഷ്ടത്തിന് കാരണം. ജൂൺ, ജൂലായ് മാസങ്ങളിൽ ആറുകിലോ വീതവും ഓണത്തിന് സ്പെഷ്യലായി 15 കിലോ അരിയുമാണ് നൽകിയത്. എന്നാൽ, പിന്നീട് അരിവിഹിതം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതോടെ രണ്ടുകിലോയ്ക്കായി ആരും റേഷൻകടയുടെ പടി ചവിട്ടാത്ത അവസ്ഥയായി. രണ്ടുകിലോ അനുവദിക്കുന്നത് തന്നെ കുത്തരിയാണ്. ഇതിന് പകരം പച്ചരി നൽകിയാൽ വില്പന കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ബി.പി.എൽ കാർഡ് ഉടമകൾ കൂടുതലുള്ള കടകൾക്ക് മാത്രമാണ് 44 ക്വിന്റൽ എന്ന ലക്ഷ്യത്തിൽ എത്താൻ സാധിക്കുന്നുള്ളൂ. എന്നാൽ, ഭൂരിഭാഗം റേഷൻകടകൾക്കും അതിന് സാധിക്കുന്നില്ല.
നീല, വെള്ള കാർഡുകാർക്കുള്ള ആട്ട വിറ്റുപോകാത്തതും വ്യാപാരികൾക്ക് വലിയ ബാദ്ധ്യതയാണ്. അഞ്ചുവർഷം മുമ്പ് നിറുത്തിയ ആട്ട ജനുവരിയിലാണ് പുനഃസ്ഥാപിച്ചത്. കാർഡ് ഒന്നിന് രണ്ട് പായ്ക്കറ്റ് ആട്ടയാണ് നൽകിയത്. ഇതിൽ 10 ശതമാനം പോലും വിറ്റുപോയിട്ടില്ല. ഈ ബാദ്ധ്യത നിലനിൽക്കുമ്പോഴാണ് ഫെബ്രുവരിയിൽ നാല് പായ്ക്കറ്റ് ആട്ടയാക്കിയത്. ഇത് എങ്ങനെ വിറ്റുതീർക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. 90 ദിവസം കഴിഞ്ഞാൽ ഈ ആട്ട ഉപയോഗിക്കാനും കഴിയില്ല.
വരുമാനം15000ൽ താഴെയായി
ഒരു വ്യാപാരി 44 ക്വിന്റൽ അരി ഒരുമാസം വിറ്രാൽ മാത്രമേ, അടിസ്ഥാന വേതനമായ 21,000 രൂപ ലഭിക്കുകയുള്ളൂ
44 ക്വിന്റലിന് മുകളിൽ വിൽക്കുന്ന വ്യാപാരികൾക്ക് തുടർന്നുള്ള ഓരോ ക്വിന്റലിനും 200രൂപ അധികമായും ലഭിക്കും
ഇപ്പോഴത്തെ അവസ്ഥയിൽ വിവിധ താലൂക്കുകളിലായി നൂറോളം വ്യാപാരികൾക്ക് 44 ക്വിന്റൽ എന്ന അളവിലെത്താൻ കഴിയുന്നില്ല
അരിവിഹിതം കുറച്ചതോടെ പല വ്യാപാരിൾക്കും 15000 രൂപയിൽ താഴെയാണ് മാസ വരുമാനം
ഇതിൽ നിന്നുവേണം കടവാടക, തൊഴിലാളികളുടെ ശമ്പളം എന്നിവ നൽകാൻ.
ജില്ലയിൽ
റേഷൻ കടകൾ: 1200
ഗുണഭോക്താക്കൾ: 676766
വെള്ള കാർഡ്: 186257
അരിവിഹിതം കുറയുന്നത് വരുമാനത്തെ ബാധിക്കും. കേന്ദ്രം കേരളത്തിന് ആവശ്യമായ തരത്തിൽ അരിവിഹിതം വർദ്ധിപ്പിക്കണം. ആട്ടയുടെ അളവ് ആനുപാതികമാക്കുകയോ പകരം ഗോതമ്പ് അനുവദിക്കുകയോ വേണം
- എൻ. ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.