നെൽവില വിതരണം നിലച്ചിട്ട് രണ്ടാഴ്ച
ആലപ്പുഴ :പുഞ്ചകൃഷിയുടെ നെല്ല് സംഭരണം ആരംഭിച്ചിട്ടും രണ്ടാംകൃഷിയിൽ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ കർഷകർ. കഴിഞ്ഞ മാസം 17ന് ശേഷം പാഡി ഓഫീസിൽ നിന്ന് ബാങ്കുകൾക്ക് കൈമാറിയ പേയ്മെന്റ് രസീതുകൾക്കാണ് ദിവസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാത്തത്. ജില്ലയിലെ എസ്.ബി.ഐ അക്കൗണ്ട് ഉടമകളായ 2913 കർഷകർക്കായി 25.14കോടി രൂപയാണ് ലഭിക്കാനുള്ളത്.
പുഞ്ചകൃഷിയിൽ നെല്ലുകൾ കതിരാകും മുമ്പ് കുമിൾ നാശിനിപ്രയോഗത്തിനും കൊയ്തെടുക്കുന്ന നെല്ല് സംഭരിക്കാൻ കളവും ഒരുക്കാൻ പണം ആവശ്യമായിരിക്കെ കഴിഞ്ഞ വിളയുടെ പണം ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഓരുവെള്ള ഭീഷണിയും കീടബാധയും കാരണം നെൽച്ചെടികൾ പലപാടങ്ങളിലും കരിഞ്ഞുണങ്ങുന്നതിന്റെ വിഷമത്തിനിടെയാണ് തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമായ നെല്ലിന്റെ വില ലഭിക്കാത്ത സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നത്.
രണ്ടാം കൃഷിയിൽ കൊയ്ത്ത് വൈകിയ പാടങ്ങളിലെ നെല്ല് പുഞ്ചയുടെ സംഭരണത്തിൽ ഉൾപ്പെടുത്തി സംഭരിച്ച് തുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കകം പുഞ്ചനെല്ല് സംഭരണം കൂടി ആരംഭിക്കുമ്പോഴേക്കും ബാങ്കുകൾക്ക് ആവശ്യമായ പണം അനുവദിക്കാതെ വന്നാൽ കർഷകർക്ക് നെല്ലിന്റെ വിലവിതരണം വൈകാനും കാരണമാകും.
ബാങ്കുകൾക്ക് പണം നൽകുന്നില്ല
1. ബാങ്കുകൾ കർഷകർക്ക് നൽകിയ പണം സപ്ളൈകോയിൽ നിന്ന് തിരികെ ലഭിക്കാത്തതാണ് എസ്.ബി.ഐയിലെ വില വിതരണം തടസപ്പെടാൻ കാരണം 2. കാനറാ ബാങ്കിൽ നിന്ന് മുടക്കമില്ലാതെ പണം ലഭിച്ചിരുന്നെങ്കിലും ഇന്നലെ മുതൽ ചില ശാഖകളിൽ പണം ലഭിക്കാത്തതിനാൽ കർഷകർ തിരികെ മടങ്ങേണ്ടി വന്നിട്ടുണ്ട്. 3.തിരഞ്ഞെടുപ്പ് അടുത്തപ്പഓൾ നെൽവില വിതരണത്തിലെ കാലതാമസം പേരുദോഷത്തിനിടയാക്കുന്നതിൽ ഭരണാനുകൂല സംഘടനാ നേതാക്കൾ അസ്വസ്ഥരാണ്.
നൽകാനുള്ളത്
₹ 25.14 കോടി
പണം ലഭിക്കാനുള്ള കർഷകർ
2913
സപ്ളൈകോ ബാങ്കുകൾക്ക് പണം ലഭ്യമാക്കാത്തതാണ് കാരണം. പാഡി മാർക്കറ്റിംഗ് ഓഫീസിൽ ഇതിനെതിരെ സമരം നടത്തിയ നെൽകർഷകർക്കെതിരെ കേസെടുത്ത സർക്കാർ നെൽവില വിതരണത്തിന് പണം അനുവദിക്കണം
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി