ചെല്ലഞ്ചിയിൽ നെൽക്കൃഷി അന്യമാകുന്നു

Wednesday 04 February 2026 12:38 AM IST

പാലോട്: താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമായ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി പാടത്ത് കൃഷി അന്യമാകുന്നു.അഞ്ചര ഏക്കർ പാടശേഖരമാണ് ചെല്ലഞ്ചിയിലുള്ളത്.നിലവിൽ ഇതിന്റെ മുക്കാൽ ഭാഗവും നിലം നികത്തി വാഴയും മരച്ചീനിയും വെറ്റിലക്കൊടിയും നട്ടു.ബാക്കിയുള്ള പാടശേഖരം തരിശായി കിടക്കുകയാണ്.മിക്ക കർഷകരും കൃഷി നിറുത്തി.വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്.ഇടവിളയായി പച്ചക്കറി കൃഷി ചെയ്തിരുന്നതും നിലച്ചമട്ടാണ്.

പാടത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.പാടത്ത് വീണ്ടും കൃഷിയാരംഭിക്കണമെങ്കിൽ കാട്ടുപന്നി ശല്യത്തിന് തടയാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ നന്ദിയോട് രവീന്ദ്രനാഥിന്റെ ഭരണസമിതിയുടെ കാലത്താണ് ചെല്ലഞ്ചി പാടശേഖരത്തിൽ ലിഫ്ട് ഇറിഗേഷൻ പദ്ധതി ആരംഭിക്കുന്നത്.ഇത് പ്രാവർത്തികമാകുന്നത് മുൻപ്രസിഡന്റായിരുന്ന ദിവാകരൻ നായരുടെ കാലത്താണ്.

ജലദൗർലഭ്യം

ചെല്ലഞ്ചി ആറ്റുകടവിൽ പമ്പ്ഹൗസ് പണിയുകയും, പ്രസേനൻ എന്ന വ്യക്തി സൗജന്യമായികൊടുത്ത രണ്ട് സെന്റ് വസ്തുവിൽ ഓവർ ഹെഡ് ടാങ്ക് പണിതുമാണ് വാമനപുരം നദിയിൽ നിന്ന് കൃഷിക്കാവശ്യമായ വെള്ളമെത്തിച്ചിരുന്നത്. 15എച്ച്.പിയുടെ രണ്ട് പമ്പുസെറ്റുകൾ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം വർഷങ്ങൾക്കു മുൻപ് കേടായി. ഇത് നന്നാക്കിയിട്ടുമില്ല. ഇതോടെ ജലദൗർലഭ്യം രൂക്ഷമായി.

പ്രതിസന്ധികളേറെ

ചെല്ലഞ്ചി പാടത്തിലെ കൃഷിക്കായി നിലം ഒരുക്കുന്നതിനും നെല്ല് കൊയ്യുന്നതിനും തൊഴിലാളികളെ കിട്ടാതായതും കൃഷി അന്യമാകാൻ കാരണമായി. പ്രതിസന്ധി മുന്നിൽക്കണ്ട് വർഷങ്ങൾക്കു മുൻപ് കൃഷിഭവൻ മുഖേന ഒരു ട്രില്ലർ ചെല്ലഞ്ചിപാടത്തിനു കിട്ടിയിരുന്നു. അത് വാമനപുരം നദിയിൽ വീണ് പ്രവർത്തനരഹിതമായി. അതിനുശേഷം വാമനപുരം, കടയ്ക്കൽ ഭാഗങ്ങളിൽനിന്നും വാടകയ്‌ക്കെടുത്താണ് കൃഷി നടത്തിയിരുന്നത്. ഇതിന്റെ ചെലവ് കൂടിയതും പ്രതിസന്ധിക്ക് മറ്റൊരു കാരണമായി.

സംരക്ഷണവേലിയും നടപ്പായില്ല

പാടശേഖരത്തിനു ചുറ്റും സംരക്ഷണവേലി സ്ഥാപിക്കാൻ കൃഷിമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് തുക അനുവദിച്ചു. ഗ്രാമപഞ്ചായത്ത്‌ മുൻകൈയെടുക്കാത്തനിനാൽ അതും ലാപ്സായി. നാളിതുവരെയായിട്ടും ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല. കൃഷി ഉദ്യോഗസ്ഥർ പാടസന്ദർശനം നടത്തിയിരുന്നതും നിലവിൽ നിലച്ചമട്ടാണ്. കൃഷിഭവനും, ഗ്രാമപഞ്ചായത്തും മുൻകൈയെടുത്ത് നെൽകൃഷി പുനരാരംഭിക്കാൻ നടപടിയുണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.