പുളിയറക്കോണത്ത് ആക്രമണം : ആറുപേർക്ക് പരിക്ക്

Wednesday 04 February 2026 2:43 AM IST

 രണ്ടുപേർ അറസ്റ്റിൽ

കല്ലമ്പലം: പുതുശേരിമുക്ക് പുളിയറക്കോണത്ത് വീടുകളിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ഒറ്റൂർ വെട്ടിമൺകോണം സഹീർഅലി ഹൗസിൽ അലിഖാൻ (18),പിതാവ് സുമേഷ് (42) എന്നിവരെയാണ് കല്ലമ്പലം എസ്.ഐ അബരീഷ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ആക്രമണത്തിൽ പുളിയറക്കോണം നെല്ലിക്കുന്ന് വിള വീട്ടിൽ ജയേഷ് (17),അംബിക (60),വട്ടവിള വീട്ടിൽ മഹിൻ (35),അതുൽ (17),വിഷ്‌ണു(33),തങ്ക (50) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ജയേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. അക്രമികളെ പിടിച്ചുമാറ്റുന്നതിനിടെ നിലത്തുവീണാണ് സ്ത്രീകൾക്ക് പരിക്കേറ്റത്.

സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘം വീട്ടിലും വഴിയരികിലുമിരുന്ന യുവാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നെന്നാണ് ആരോപണം. ഇവർ മാരകായുധങ്ങൾ കൈവശം വച്ചിരുന്നതായി പരാതിയിലുണ്ട്. പ്രതികളെ റിമാൻഡ്‌ ചെയ്‌തു. മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.