അരലക്ഷത്തിന്റെ ലാപ്ടോപ്പ് വിറ്റത് 1500 രൂപയ്ക്ക്; മോഷ്ടാവും വാങ്ങിയ ആളും അറസ്റ്റിൽ

Wednesday 04 February 2026 1:44 AM IST

പിടിയിലായത് റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിരം മോഷ്ടാവ്

കൊച്ചി: റെയിൽവേ സ്റ്റേഷനിൽ നിന്ന് കവർന്ന അരലക്ഷം രൂപയുടെ ലാപ്ടോപ്പ് 1500 രൂപയ്ക്ക് വിറ്റ മോഷ്ടാവിനെ റെയിൽവേ പൊലീസ് പിടികൂടി. മറ്റൊരു യാത്രക്കാരനിൽ നിന്ന് കവർന്ന 70,000 രൂപ വിലയുള്ള ലാപ്ടോപ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ആർ.പി.എഫിന്റെ പിടിയിലായത്. അസാം നൗഗാവോൺ സ്വദേശി അജീബുർ റഹ്മാൻ (23), മോഷണമുതൽ വാങ്ങിയ അസാം സ്വദേശി ഫറൂക്ക് ഇസ്ലാം (25) എന്നിവരെയാണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

യാത്രക്കാരുടെ വിശ്രമമുറിയിൽ നിന്ന് കവർന്ന ലാപ്ടോപ്പ് സഹിതം ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അജീബുർ റഹ്മാനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് എറണാകുളം റെയിൽവേ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ, 21ന് വൈകിട്ട് ആലുവ റെയിൽവേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയിൽ നിന്ന് കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ ലാപ്ടോപ്പ് കവർന്നതും ഇയാളാണെന്ന് സ്ഥിരീകരിച്ചു. ഈ ലാപ്ടോപ്പ് ആലുവ നഗരത്തിൽ ഓട്ടോയിൽ പഴവർഗങ്ങൾ വിതരണം ചെയ്യുന്ന ഫറൂക്ക് ഇസ്ലാമിന് 1500 രൂപയ്ക്കാണ് വിറ്റത്. ഇതേത്തുടർന്ന് തിങ്കളാഴ്ച ഫറൂക്കിനെയും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 29ന് രാവിലെ ആലുവ സ്റ്റേഷനിൽ നിന്ന് മോഷണം പോയ ലാപ്ടോപ്പാണ് പിടിയിലാകുമ്പോൾ അജീബുർ റഹ്മാന്റെ കൈവശം ഉണ്ടായിരുന്നത്. തൊടുപുഴ മൈലാഞ്ചി സ്വദേശി ബിബിൻ തോമസ് ശുചിമുറിയിൽ പോയ സമയത്ത് ബാഗ് കവരുകയായിരുന്നു. 70,000 രൂപ വിലയുള്ള ലാപ്ടോപ്പ്, 35,000 രൂപയുടെ മൊബൈൽ ഫോൺ, 6000 രൂപയുടെ വാച്ച്, എ.ടി.എം, ക്രെഡിറ്റ് കാർഡുകൾ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.

നിർമ്മാണത്തൊഴിലാളിയെന്ന നിലയിലാണ് അജീബുർ റഹ്മാൻ ആലുവയിൽ കഴിഞ്ഞിരുന്നത്. ഇയാൾ കൂടുതൽ മോഷണക്കേസുകളിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്. മദ്യത്തിനും ലഹരിക്കുമായി പണം കണ്ടെത്താനാണ് മോഷണം നടത്തിയിരുന്നത്. റെയിൽവേ എസ്.ഐ സാജു പോൾ, ആർ.പി.എഫ് എസ്.ഐ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.