കാരയ്‌ക്കാമണ്ഡപത്തെ സ്‌ഫോടനം; പ്രതി അറസ്റ്റിൽ

Wednesday 04 February 2026 12:52 AM IST

നേമം: കാരയ്‌ക്കാമണ്ഡപത്തെ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ കാരയ്‌ക്കാമണ്ഡപം സ്വദേശി ശ്രീമോനെ പ്രത്യേക അനേഷണസംഘം അറസ്റ്റുചെയ്‌തു.

സ്‌ഫോടനത്തിന് കാരണമായ 38 ഡിറ്റണേറ്ററുകൾ,കിണർ പണിചെയ്യുന്ന തനിക്ക് സുഹൃത്ത്‌ നൽകിയതാണെന്നാണ് ശ്രീമോൻ പൊലീസിനോട് പറഞ്ഞത്. കിണർ പണിക്ക് ഉപയോഗിക്കാനാണ് ഇവ സൂക്ഷിച്ചതെന്നും പ്രതി സമ്മതിച്ചു.

ക്വാറിയിൽ ജോലി ചെയ്‌തിരുന്ന ഇയാളുടെ പിതാവ് 2020ൽ മരിച്ചു. പിതാവ് വാങ്ങി സൂക്ഷിച്ചിരുന്നതാണോ ഇതെന്നും പൊലീസ് സംശയിക്കുന്നു. മുമ്പ് സ്‌ഫോടനം നടന്ന വീട്ടിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന ശ്രീമോൻ ഇപ്പോൾ സമീപത്തെ മറ്റൊരു വീട്ടിലാണ് വാടകയ്‌ക്ക് താമസിക്കുന്നത്. സ്‌ഫോടനം നടന്ന വീട് മൈക്കിൾ വീട് വിലയ്ക്ക് വാങ്ങിയതോടെ ആറുമാസം മുമ്പാണ് പ്രതി ഇവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് മാറിയത്. ഡിറ്റണേറ്റർ കൊണ്ടുപോകാൻ മറന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

പ്രതിക്കെതിരെ പത്തുവർഷം മുമ്പ് ചില മോഷണക്കേസുകൾ ഉണ്ടായിരുന്നതായി നേമം സി.ഐ രഗീഷ് കുമാർ പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൈക്കിളിന്റെ വീട്ടിൽ വെൽഡിംഗ് ജോലിക്കിടെ സ്‌ഫോടനമുണ്ടായത്. വെൽഡിംഗ് തൊഴിലാളി സഹായരാജ് ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.