യു. എസ് വ്യാപാര കരാർ, രാജ്യത്തിനുമുമ്പിൽ വൻ അവസരങ്ങൾ: ഗോയൽ

Wednesday 04 February 2026 12:29 AM IST

 മോദി- ട്രംപ് സൗഹൃദമാണ് കരാറിന് കാരണം

ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാർ ഇന്ത്യയ്‌ക്ക് വലിയ അവസരമാണ് ഒരുക്കുകയെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള തീരുവ 18 ശതമാനമായി കുറച്ച് സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കിയെന്ന് തിങ്കളാഴ്‌ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് പ്രതികരണം.

കരാർ രാജ്യത്തെ കൃഷി, ക്ഷീരോത്പാദനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കും. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള തൊഴിൽ കേന്ദ്രീകൃത വ്യവസായങ്ങൾക്ക് യു.എസിൽ വൻ അവസരങ്ങളൊരുക്കുമെന്നും ഗോയൽ പറഞ്ഞു.

പാർലമെന്റിൽ പ്രസ്‌താവന നടത്താനാകാതിരുന്നതോടെ പത്രസമ്മേളനത്തിലാണ് കരാറിനെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്.

അയൽരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുമായി യു.എസ് ഒപ്പിടാൻ പോകുന്നത് ഏറ്റവും മികച്ച കരാറാണ്. ലഭിച്ചതിൽ വച്ച് ഏറ്റവും മികച്ച കരാറാണിത്. പൗരന്മാരുടെ ശോഭനമായ ഭാവിക്ക് പ്രയോജനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദമാണ് കരാറിന് വഴി തുറന്നത്.

യു.എസ് ഉത്പന്നങ്ങൾ രാജ്യത്തെത്തുമ്പോൾ കർഷക, മൃഗസംരക്ഷണ, ക്ഷീരമേഖലകളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കും. എം.എസ്.എം.ഇ സംരംഭകർ, വിദഗ്ധ തൊഴിലാളികൾ ലോക വിപണിയിലെത്താനുള്ള അഭൂതപൂർവമായ അവസരമുണ്ടാകുന്നു. യു.എസിൽ നിന്നുള്ള നൂതന സാങ്കേതികവിദ്യ ഇന്ത്യയിലെത്താനും കരാർ സഹായിക്കും. ഇന്ത്യ-യുഎസ് ബന്ധങ്ങളെ പുനർനിർമ്മിക്കുകയും 2047 ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഒരു ചരിത്രപരമായ വഴിത്തിരിവാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ട്രംപിന് വഴങ്ങിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന ഇന്ത്യയുടെ വികസനം ആഗ്രഹിക്കാത്തതുകൊണ്ടാണ്. രാഹുൽ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ നിലപാടിന് അദ്ദേഹം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.