പടക്കപ്പലിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം , വെടിവച്ചു വീഴ്ത്തി യുഎസ് യുദ്ധ വിമാനം
Wednesday 04 February 2026 2:00 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പടക്കപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണം തകർത്തതായി യു.എസ് പ്രതിരോധ വക്താവ് അറിയിച്ചു. അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന അമേരിക്കൻ വിമാന വാഹിനിക്കപ്പൽ ലക്ഷ്യം വച്ച് വന്ന ഇറാനിയൻ ഡ്രോൺ എഫ്-35 സി യുദ്ധവിമാനം വെടിവച്ച് വീഴ്ത്തുകയായിരുന്നു. സ്വയം പ്രതിരോധത്തിനും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി ഡ്രോൺ വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് പറഞ്ഞു.
അതേസമയം ആക്രമണം ഉണ്ടായെങ്കിലും ഈ ആഴ്ച ഇറാനുമായി നടത്താനിരുന്ന നയതന്ത്ര ചർച്ചയിൽ മാറ്റമുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാനെതിരെ സൈനിക നടപടിക്കുള്ള സാദ്ധ്യത യു.എസ് പ്രസിഡന്റ് തുറന്നിട്ടിരിക്കുകയാണെന്നും ഗൾഫ് മേഖലയിൽ ധാരാളം യുദ്ധക്കപ്പലുകൾ ഉണ്ടെന്നും ട്രംപിന്റെ വക്താവ് കൂട്ടിച്ചേർത്തു.