വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് 15 മുതൽ

Wednesday 04 February 2026 2:05 AM IST

തിരുവനന്തപുരം: വിഷൻ 2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടത്തും. 15ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ .രാജൻ അദ്ധ്യക്ഷനാകും. നോബൽ സമ്മാന ജേതാവ് അമർത്യസെൻ, റോമിലാ ഥാപ്പർ, ലോകഭക്ഷ്യ പുരസ്‌കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയവർ സംസാരിക്കും.

16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെഷനുകൾ നടക്കും. വിവിധ വകുപ്പുകൾ 14 ജില്ലകളിലായി നടത്തിയ 34 സെമിനാറുകളുടെ ക്രോഡീകരണം അന്താരാഷ്ട്ര കോൺഫറൻസിൽ നടക്കും. കോൺഫറൻസിൽ ലോകമെമ്പാടുമുള്ള വിദഗ്ദ്ധർക്ക് സംസ്ഥാനം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ അവതരിപ്പിക്കാനും വികസനപാതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും വേദിയൊരുക്കും. സമാപന സമ്മേളനത്തിൽ സെക്യുലറിസം ജനാധിപത്യം സംവേദനാത്മക സർക്കാർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റിസ് ഷാ തുടങ്ങിയവർ പങ്കെടുക്കും.

സമ്മേളന സെഷനുകൾ വിജയകരമായി നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ പൂർണ സഹകരണവും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. യോഗത്തിൽ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലക് , പ്ലാനിംഗ് ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.