വിരമിച്ച ജഡ്‌ജിമാർക്ക് അലഹബാദ് ഹൈക്കോടതിയിൽ നിയമനം
Wednesday 04 February 2026 2:05 AM IST
ന്യൂഡൽഹി: അഞ്ച് വിരമിച്ച ജഡ്ജിമാരെ രണ്ടുവർഷത്തേക്ക് അലഹബാദ് ഹൈക്കോടതിയിൽ അഡ്‌ഹോക്ക് ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ അംഗീകാരം. ജസ്റ്റിസുമാരായ മുഹമ്മദ് ഫൈസ് ആലം ഖാൻ,മുഹമ്മദ് അസ്ലം,സയ്യിദ് അഫ്താബ് ഹുസൈൻ റിസ്‌വി,രേണു അഗർവാൾ,ജ്യോത്സന ശർമ്മ എന്നിവർക്കാണ് നിയമനം. നിരവധി കേസുകൾ കെട്ടിക്കിടക്കുന്ന അലഹബാദ് ഹൈക്കോടതിയിലെ ജഡ്‌ജിമാരുടെ കുറവ് പരിഗണിച്ചാണിത്.
ഭരണഘടനയുടെ 224 എ വകുപ്പ് പ്രകാരം രാഷ്ട്രപതിയുടെ അനുമതിയോടെ വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ അഡ്‌ഹോക്ക് ജഡ്ജിമാരായി നിയമിക്കാം. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ അപൂർവമായേ ഈ വ്യവസ്ഥ ഉപയോഗിച്ചിട്ടുള്ളൂ. അഡ്‌ഹോക്ക് ജഡ്ജിക്ക് സിറ്റിംഗ് ജഡ്‌ജിമാർക്ക് തുല്യമായ അധികാരമുണ്ടാകും.