റാഫ അതിർത്തി തുറന്നു; അഞ്ച് രോഗികളെ കടത്തിവിട്ടു
ടെൽ അവീവ്: നീണ്ട രണ്ട് വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം റാഫ അതിർത്തി തുറന്നു. അഞ്ച് രോഗികളെ മാത്രമാണ് കടത്തിവിട്ടതെന്നാണ് റിപ്പോർട്ട്. ഗാസ വെടിനിറുത്തൽ കരാറിന്റെ രണ്ടാം ഘട്ടമായാണ് റാഫ വീണ്ടും തുറന്നത്. എന്നാൽ, കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ, സങ്കീർണമായ നടപടിക്രമങ്ങൾ, പരിമിതമായ എണ്ണം ആളുകളെ മാത്രമേ കടന്നുപോകാൻ അനുവദിച്ചിട്ടുള്ളൂ. അതോടെ റാഫ അതിർത്തി കടക്കുകയെന്നത് അത്ര എളുപ്പമല്ല എന്ന വ്യക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്.റിപ്പോർട്ടുകൾ പ്രകാരം പോകാൻ അനുവദിച്ച അഞ്ച് രോഗികളിൽ ഓരോരുത്തരുടെയും കൂടെ രണ്ട് പേർ ഉണ്ടായിരുന്നു. ഇതോടെ ഗാസയിലെ ആരോഗ്യ അധികൃതർക്ക് നൽകിയ വിവരങ്ങൾ പ്രകാരം ആകെ 15 യാത്രക്കാർ മാത്രമാണ് പുറത്തു കടന്നത്. ഏകദേശം 20,000 പാലസ്തീനികളാണ് അടിയന്തര ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തുപോകാനായി കാത്തുനിൽക്കുന്നത്.
റാഫ അതിർത്തി ഗാസയിൽ നിന്ന് ചികിത്സയ്ക്കായി പോകുന്നവരെയും മറ്റുമാണ് കടത്തിവിടുകയെന്ന് കഴിഞ്ഞ ദിവസം പുറത്തിറഞ്ഞിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.കാൽനട യാത്രികർക്ക് മാത്രമാണ് അനുവാദം നകിയിരിക്കുന്നത്. സഹായ ട്രക്കുകൾ കടത്തിവിടില്ല.ഇവ കരീം ഷാലോം അടക്കം മറ്റ് അതിർത്തികളിലൂടെ ഗാസയിൽ പ്രവേശിക്കുന്നത് തുടരും.റഫ അതിർത്തി വഴി 50 പാലസ്തീനികളെ ഗാസയിലേക്ക് മടങ്ങാൻ അനുവദിച്ചതായി ഈജിപ്ഷ്യൻ ഔദ്യോഗിക വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, അവർ പാലസ്തീൻ ഭാഗത്തേക്ക് എത്തിയോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.അതേസമയം,യുദ്ധകാലത്ത് ഗാസ വിട്ട ഏകദേശം 80,000 പാലസ്തീനികൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന് ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മായിൽ അൽ തവാബ്ത പറഞ്ഞു.