തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് 20 കുഞ്ഞുങ്ങളെ രക്ഷിച്ചു; ഒടുവിൽ കുഴഞ്ഞുവീണു മരണം

Wednesday 04 February 2026 3:35 PM IST

​​​ഭോപ്പാൽ: മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പോലും പണയം വയ്‌ക്കുന്ന ചിലരുണ്ട്. അങ്ങനെയൊരാളാണ് കാഞ്ചൻ ബായി മേഘ്‌വാൾ എന്ന അംഗൻവാടി ജീവനക്കാരി. 20 കുഞ്ഞുങ്ങളുടെ ജീവനാണ് അവർ സ്വന്തം ജീവൻ ബലി നൽകി രക്ഷിച്ചത്. മദ്ധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ അംഗൻവാടിയിൽ പാചകത്തൊഴിലാളി ആയിരുന്നു കാഞ്ചൻ ബായി മേഘ്‌വാൾ.

മടവട പഞ്ചായത്തിലെ അംഗൻവാടി വളപ്പിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. സമീപത്തെ മരച്ചില്ലയിൽ നിന്ന് തേനീച്ച കൂട്ടം കുട്ടികളുടെ നേർക്ക് പാഞ്ഞടുത്തു.ഇതുകണ്ടവർ എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടു. എന്നാൽ ഒരു നിമിഷംപോലും പാഴാക്കാതെ കാഞ്ചൻ ബായി അവിടെയുണ്ടായിരുന്ന ടാർപ്പോളിനും പായയും ഷീറ്റും ഉൾപ്പെടെ എടുത്ത് കുട്ടികളുടെ അടുത്തേക്ക് ഓടിയെത്തി. ഇവ ഉപയോഗിച്ച് തേനീച്ചകളുടെ കടിയേൽക്കാതെ കുട്ടികളെ പൊതിഞ്ഞശേഷം അംഗൻവാടി കെട്ടിടത്തിനുള്ളിലേക്ക് എത്തിച്ചു. പാഞ്ഞെത്തിയ ആയിരക്കണക്കിന് തേനീച്ചകൾ കാഞ്ചൻ ബായിയുടെ ശരീരമാസകലം കുത്തിയെങ്കിലും അവർ അതൊന്നും കാര്യമാക്കിയതേയില്ല. അവസാനത്തെ കുട്ടിയെയും കെട്ടിടത്തിനുള്ളിലേക്ക് എത്തിക്കുന്നതുവരെ കാഞ്ചൻ ബായി പിന്മാറിയില്ല.

അവരെ സഹായിക്കുന്നതിനായി ഗ്രാമവാസികൾ ഓടിയെത്തിയപ്പോഴേക്കും കാഞ്ചൻ ബായി കുഴഞ്ഞ് വീണിരുന്നു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരം തളർന്നു കിടക്കുന്ന ഭർത്താവും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കാഞ്ചൻ ബായി. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം റാൺപൂർ ഗ്രാമത്തിൽ എത്തിയപ്പോൾ ഗ്രാമവാസികൾ നിശബ്‌ദമായി അവർക്ക് സ്‌നേഹാദരം നൽകി.

അംഗണവാടിക്ക് സമീപമുള്ള മരത്തിൽ തൂങ്ങിക്കിടക്കുന്ന തേനീച്ച കൂട് ഗ്രാമത്തെ ഇപ്പോഴും ഭീതിയിലാഴ്ത്തുന്നു. ഗ്രാമത്തിലെ ഏക കൈ പമ്പ് സ്ഥിതിചെയ്യുന്നത് ഈ മരത്തിന് സമീപമാണ്. വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന ഭീതിയിൽ പ്രദേശവാസികൾ വെള്ളമെടുക്കുന്നത് നിർത്തിയിരിക്കുകയാണ്. തേനീച്ചക്കൂട് ഉടൻ നീക്കം ചെയ്യണമെന്നും കാഞ്ചൻ ബായിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെടുന്നു.