അച്ഛന്റെ ഹീറോയോടൊപ്പം ഫാൻ മൊമന്റിൽ അനശ്വരയും
സൂപ്പർ സ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷത്തിൽ നടി അനശ്വര രാജനും അച്ഛനും അമ്മയും. അനശ്വര രാജൻ നായികയായ വിത്ത് ലൗവിന്റെ പ്രീമിയറിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു രജനികാന്ത്. അച്ഛനുണ്ടായ സന്തോഷം വാക്കുകൾക്ക് അതീതമെന്ന് ചിത്രങ്ങൾ പങ്കുവച്ച് അനശ്വര രാജൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
''വെള്ളിത്തിരയിൽ അച്ഛന്റെ പ്രിയപ്പെട്ട നായകൻ - ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷം. വിത്ത് ലൗവിന്റെ പ്രീമിയറിനിടെ തലൈവറെ കണ്ടപ്പോൾ അച്ഛന്റെ മുഖം കൊച്ചുകുട്ടിയുടേതുപോലെ സന്തോഷം കൊണ്ട് വിടരുന്നത് കാണുന്നത്, സിനിമ ഒരുവട്ടം പൂർത്തിയായതുപോലെ എനിക്ക് അനുഭവപ്പെടുന്നു. അനശ്വര രാജന്റെ വാക്കുകൾ.
സൗന്ദര്യ രജനികാന്തിന്റെ സിയോൺ ഫിലിംസ്, എം.ആർ.പി എന്റർടെയ്‌ൻമെന്റ്‌സുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രത്തിൽ അബിഷൻ ജീവിന്ത് ആണ് നായകൻ. നവാഗതനായ മദൻ സംവിധാനം ചെയ്യുന്ന ചിത്രം നാളെ ആഗോള റിലീസായി എത്തും.