മണിപ്പൂരിൽ ഇനി ബിജെപി സർക്കാർ, യുംനം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Wednesday 04 February 2026 7:14 PM IST

ഇംഫാൽ: മണിപ്പൂരിലെ രാഷ്‌ട്രപതി ഭരണത്തിന് അവസാനം. സംസ്ഥാനത്തെ മുഖ്യമന്ത്രിയായി യുംനം ഖേംചന്ദ് സിംഗ് അധികാരമേറ്റു. വൈകിട്ട് ആറ് മണിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തത്. ബിജെപി നിയമസഭാ കക്ഷിനേതാവായി അദ്ദേഹത്തെ കഴിഞ്ഞ ദിവസം വൈകിട്ട് ചേർന്ന യോഗമാണ് തിരഞ്ഞെടുത്തത്. വനിതാ നേതാവും കുക്കി വിഭാഗത്തിൽ നിന്നുള്ളയാളുമായ നെംച കുപ്‌ജെൻ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. എൻപിഎഫിലെ ലോസി ഡിഖോയും ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു, ഗോവിന്ദാസ് കൊന്തൗജം ആഭ്യന്തര മന്ത്രിയാകും.

ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള എൻഡിഎ പ്രതിനിധി സംഘം ലോക്ഭവനിൽ ഗവർണർ അജയ് കുമാർ ഭല്ലയെ സന്ദർശിച്ച് ജനകീയ സർക്കാർ രൂപീകരിക്കാനുള്ള അനുമതി തേടിയിരുന്നു. കുക്കിവിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലകളായ ചുരാചന്ദ്പൂർ, ഫെർസാൾ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് എംഎൽഎമാരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന യോഗത്തിലാണ് 62 കാരനായ സിംഗിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. അദ്ദേഹം ഉൾപ്പടെയുള്ള അഞ്ച് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന ബിജെപി എംഎൽഎ തോംഗം ബിശ്വജിത് സിംഗ് നേരത്തെ പറഞ്ഞിരുന്നു.

യുംനം ഖേംചന്ദ് 2017ലും 2022ലും എംഎൽഎ ആയിരുന്നു. 2017ൽ നിയമസഭാ സ്പീക്കറായ അദ്ദേഹം 2022ലെ ബിരേൻസിംഗ് സർക്കാരിൽ അംഗമായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിംഗ് രാജിവച്ചത്. മണിപ്പൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി മെയ്ത്തി-കുക്കി വിഭാങ്ങൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ബിരേൻ സിംഗ് രാജിവച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.