ചാനൽപ്പാലം- റസൽപുരം റോഡ് അപകടഭീതി ഒഴിയുന്നു
ബാലരാമപുരം: ബാലരാമപുരം കാട്ടാക്കട റോഡിൽ കോവളം- കാട്ടാക്കട നിയോജകമണ്ഡലത്തിലെ സബ് റോഡായ ചാനൽപ്പാലം-റസൽപുരം റോഡിലെ അപകടഭീതിക്ക് വിരാമം. ചാനൽപ്പാലം മുതൽ സിമന്റ് ഗോഡൗണിന് സമീപം വരെ 520 മീറ്ററോളം റോഡിന്റെ ഇരുഭാഗത്തും ഇരുമ്പുവേലി നിർമ്മാണം ആരംഭിച്ചു. കോൺക്രീറ്റ് പാകി കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ജോലികൾ റോഡ് ടാറിംഗിനോടനുബന്ധിച്ച് പൂർത്തിയായിരുന്നു. ചാനൽപ്പാലം-റസൽപുരം റോഡിൽ കനാലിനോട് ചേർന്നുള്ള ഭാഗം വാഹനയാത്രക്കാർക്ക് കൂടുതൽ ഭീഷണി നേരിടുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ സെപ്തംബർ 12ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. എസ്.എൻ.ഡി.പി യോഗം റസൽപുരം ശാഖാ വാർഷികാഘോഷങ്ങളുടെ ഭാഗമായും അല്ലാതെയും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടെ ഇരുമ്പ് വേലി അടിയന്തരമായി നിർമ്മിച്ചില്ലെങ്കിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ കനാൽക്കയത്തിലേക്ക് വീഴാനുള്ള സാദ്ധ്യത കൂടുതലാണെന്നും വാർത്തയിൽ പരാമർശിച്ചിരുന്നു.വാർത്തയ്ക്ക് പിന്നാലെ മാസം പിന്നിട്ടതും മിനിലോറി നിയന്ത്രണം വിട്ട് കനാൽക്കയത്തിൽ അകപ്പെട്ട് ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. റോഡ് ടാറിംഗ് പൂർത്തിയായതോടെ അമിത വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇരുമ്പ് വേലി നിർമ്മാണം പൂർത്തിയാകുന്നതോടെ ചാനൽപ്പാലം- റസൽപുരം റോഡ് വഴിയുള്ള യാത്ര കൂടുതൽ സുഗമമാകും.