തൊളിക്കോട്- തോട്ടുമുക്കിൽ വാനരശല്യം രൂക്ഷം

Thursday 05 February 2026 1:33 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് കന്നുകാലിവനം,ആനപ്പെട്ടി,മണലയം മേഖലകളിൽ വാനരശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ഇവിടെ മണിക്കൂറുകളോളം താണ്ഡവമാടിയ കുരങ്ങന്മാർ മേഖലയിലെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ഇവയെ ഓടിക്കാൻ ശ്രമിച്ചവരെയും ആക്രമിച്ചു. ഒടുവിൽ പടക്കം പൊട്ടിച്ചാണ് തുരത്തിയത്. വനമേഖലകളിൽ നിന്നെത്തുന്ന വാനരൻമാർ പിന്നീട് മടങ്ങിപോകാറില്ല. തോട്ടങ്ങളിലും, തരിശുഭൂമികളിലും ചേക്കേറി പെറ്റുപ്പെരുകുകയാണ്. തൊളിക്കോട് ഭാഗത്ത് വാനരൻമാരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നേരത്തേ കല്ലാർ മേഖലയിലും വാനരശല്യം രൂക്ഷമായിരുന്നു. പുറത്തുനിന്നും വാഹനത്തിൽ കുരങ്ങൻമാരെ കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നു.

വീടുകളിൽ കയറി നാശം വിതയ്ക്കുന്നു

വാനരൻമാർ വീടുകളിൽ കയറി വ്യാപകമായി നാശം വിതയ്ക്കുന്നുണ്ട്. വിതുര,തൊളിക്കോട് പഞ്ചായത്തുകൾക്ക് പുറമേ പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറ,പുന്നമൺവയൽ,മേലേമുക്ക് മേഖലകളിലും വാനരശല്യമുണ്ട്. മടത്തറയിൽ കടകളിൽ കയറി ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചു. പുന്നമൺ വയൽ മേഖലയിലെ തെങ്ങുകളിലെ കരിക്കുകൾ മുഴുവൻ നശിപ്പിച്ചുകഴിഞ്ഞു. പൊന്മുടി സംസ്ഥാന പാതയിൽ ഗോൾഡൻവാലി കഴിഞ്ഞാൽ റോഡരികിൽ കുരങ്ങൻമാർ തമ്പടിച്ചിരിക്കുന്നത് കാണാം. വനമേഖലയായതിനാൽ വളരെ പെട്ടെന്ന് ഇവർ റോഡിലേക്കിറങ്ങും. സഞ്ചാരികൾ നൽകുന്ന ഭക്ഷണം കഴിക്കാനാണ് ഇവരെത്തുന്നത്. വാനരശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനപാലകർക്ക് പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല.