ഒൻപതുകാരിയോട് അതിക്രമം: 54കാരന് 14 വർഷം തടവ്
തിരുവനന്തപുരം: ഒൻപതുകാരിയെ നിർബന്ധപൂർവം ചുംബിപ്പിച്ച കേസിൽ 54 കാരനായ അയൽവാസിക്ക് 14 വർഷം കഠിന തടവും 26,000 രൂപ പിഴയും ശിക്ഷ. വെട്ടുകാട് സ്വദേശി ബേസിൽ ജോസഫ് എന്ന എഡിസണിനെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം.വിവിധ വകുപ്പുകളിലെ ഏറ്റവും കൂടിയ ശിക്ഷയായ അഞ്ച് വർഷം തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി.
2024 ഒക്ടോബർ 20ന് വൈകിട്ട് 5.30നായിരുന്നു സംഭവം. വീട്ടിലെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിച്ചു. തുടർന്ന് അടുത്തുവന്ന കുട്ടിയോട് സമീപത്തുണ്ടായിരുന്ന പൂച്ചെട്ടി എടുത്ത് തരാൻ പറഞ്ഞു. പൂച്ചെട്ടി എടുത്ത് കൊടുത്ത കുട്ടിയുടെ കൈയിൽ പ്രതി കടന്നുപിടിക്കുകയും ചുംബിച്ചാലേ കൈ വിടൂവെന്ന് പറയുകയും ചെയ്തു.
കുട്ടി ബഹളം വച്ചിട്ടും പ്രതി പിടിവിട്ടില്ല.കുട്ടി ഭയന്ന് ചുംബനം നൽകിയപ്പോഴാണ് കൈ വിട്ടത്. ഇക്കാര്യം കുട്ടി അച്ഛനോട് പറയുകയായിരുന്നു. പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ.എസ്.വിജയ് മോഹൻ ഹാജരായി.