പാർല. കവാടത്തിനുമുമ്പിൽ വാക്കേറ്റം വഞ്ചകനെന്ന് രാഹുൽ, രാജ്യത്തിന്റെ ശത്രുവെന്ന് ബിട്ടു
ന്യൂഡൽഹി: പാർലമെന്റ് കവാടത്തിനുമുമ്പിൽ വിവാദത്തിനുവഴിവച്ച് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെയും കേന്ദ്രമന്ത്രിയുടെയും വാക്കുതർക്കം. കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ രവ്‌നീത് സിംഗ് ബിട്ടുവിനെ രാഹുൽ ഗാന്ധി വഞ്ചകൻ എന്നു വിളിച്ചതാണ് തുടക്കം.രാഹുൽ രാജ്യത്തിന്റെ ശത്രുവാണെന്ന് ബിട്ടു തിരിച്ചും വിളിച്ചു. വിവാദമായതോടെ രാഹുൽ സിക്ക് സമുദായത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
ഇന്നലെ രാവിലെ പാർലമെന്റിന്റെ മകരദ്വാർ കവാടത്തിനുമുമ്പിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സംഭവം.
പടികളിൽ പ്രതിഷേധ ധർണ നടത്തുന്ന എം.പിമാരുമായി സംസാരിക്കുകയായിരുന്നു രാഹുൽ. അതിലേ വന്ന മന്ത്രി രവ്‌നീത് ബിട്ടു കോൺഗ്രസ് എം.പിമാരെ നോക്കി 'കാർഗിൽ യുദ്ധത്തിൽ വിജയിച്ചെന്നാണ് ഭാവം' എന്നു പറഞ്ഞു. 'ഇതാ ഒരു വഞ്ചകൻ കടന്നു വരുന്നു. ആ മുഖം നോക്കൂ...' എന്ന് ഉടനടി രാഹുലിന്റെ പ്രതികരണം. ഇത് പറഞ്ഞുകൊണ്ട് രാഹുൽ ഹസ്‌തദാനത്തിനായി മുന്നോട്ടാഞ്ഞെങ്കിലും രവനീത് ഗൗനിക്കാതെ കടന്നുപോയി. ഉടൻ രാഹുൽ 'ഹലോ സഹോദരാ, എന്റെ വഞ്ചകനായ സുഹൃത്തേ, വിഷമിക്കേണ്ട, നിങ്ങൾ തിരിച്ചുവരും' എന്നുപറഞ്ഞു. ബിട്ടു തിരിഞ്ഞുനിന്ന് 'രാജ്യത്തിന്റെ ശത്രു' എന്ന് വിളിച്ചശേഷം കയറിപ്പോയി.
സുവർണക്ഷേത്രത്തിലെ അക്രമം അടക്കം സിക്ക് സമുദായത്തിനോട് കോൺഗ്രസ് കാണിക്കുന്ന വിരോധത്തിന്റെ തുടർച്ചയാണ് രാഹുലിന്റെ കമന്റ്. അദ്ദേഹത്തിന് നല്ല ഫിറ്റ്‌നസുണ്ട്, പക്ഷേ ഞാനും ശക്തനാണ്. എന്നാൽ രാഷ്ട്രീയത്തിൽ നമ്മൾ ചെയ്യുന്നത് ഇതല്ല. പാർലമെന്ററി ഭാഷയിൽ മാന്യമായി സംസാരിക്കണം. രാഹുലിന്റെ ഗുണ്ടായിസം തുറന്നുകാട്ടപ്പെട്ടു.
രവനീത് സിംഗ്ബിട്ടു:
രക്തസാക്ഷിയായ മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ മകനായ രവ്നീതിനെതിരായ അധിക്ഷേപം സിക്ക് സമുദായത്തെ ഒട്ടാകെ അപമാനിക്കലാണ്. രാഹുൽ ഗാന്ധിക്ക് രാജ്യ വഞ്ചകരായ നിരവധി സുഹൃത്തുക്കളുണ്ടാകാം. രവ്‌നീത് തീർച്ചയായും അവരിൽ ഒരാളല്ല.
ഹർദീപ് സിംഗ് പുരി, കേന്ദ്രമന്ത്രി
പ്രകോപനമുണ്ടാക്കിയത് മന്ത്രി രവ്നീതാണ്. ധർണ നടത്തുന്ന എം.പിമാരുടെ അടുത്തേക്ക് വന്ന ബിട്ടുവിന്റെ വാക്കുകളാണ് രാഹുലിന്റെ പ്രതികരണത്തിന് വഴിവച്ചത്.
-ഡീൻ കുര്യാക്കോസ്, കോൺഗ്രസ്
രാഹുലിന്റെ മുൻ സുഹൃത്ത്
2009(അനന്ത്പൂർസാഹിബ്), 2014, 2019(ലുധിയാന) തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ലേബലിൽ ജയിച്ച പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന രവ്നീത് ബിട്ടു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിൽ.
രാഹുലിന്റെ വിശ്വസ്‌തനും ലോക്സഭയിൽ ബി.ജെ.പിക്കെതിരായ കോൺഗ്രസ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച നേതാവും
ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ മകൻ