കൊറിയൻ ഗെയിം അഡിക്ഷൻ, ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കി

Thursday 05 February 2026 3:04 AM IST

ന്യൂഡൽഹി: കൊറിയൻ സംസ്‌കാരത്തോട് അത്യധികമായ അഭിനിവേശം. കൊറിയൻ വീഡിയോ ഗെയിമുകൾ, പാട്ട്, സിനിമ, കാർട്ടൂൺ തുടങ്ങിയവയോട് കമ്പം. കൊറിയൻ രാജകുമാരിമാരെന്നാണ് ചിന്ത. മൊബൈൽ ഫോണില്ലാത ഒരു നിമിഷം പോലും ചെലവാക്കാൻ പറ്റാത്ത മാനസികാവസ്ഥ. കൊവിഡ് കാലം തൊട്ട് സ്‌കൂളിൽ പോകുന്നുണ്ടായിരുന്നില്ല, ഇതെല്ലാം കണ്ടുഭയപ്പെട്ട മാതാപിതാക്കൾ നിയന്ത്രിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. കുറിപ്പെഴുതി വച്ച് മൂന്ന് സഹോദരിമാരും ആത്മഹത്യ ചെയ്‌തു. ഉത്തർപ്രദേശ് ഗാസിയാബാദ് ലോണിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇന്നലെ പുലർച്ചെ 2.15ഓടെ നിഷിക(16), പ്രാചി(14),പാഖി(12) എന്നിവർ ഫ്ളാറ്റ് സമുച്ചയത്തിന്റെ 9-ാം നിലയിൽ നിന്നുചാടി ആത്മഹത്യ ചെയ്തു.

'സോറി പപ്പാ'

'സോറി പപ്പാ, കൊറിയയെ ഉപേക്ഷിക്കാനാകില്ല. ഞങ്ങളുടെ ജീവനാണ്. പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും സാധിക്കില്ല. അതിനാലാണ് ആത്മഹത്യ. ഇനി നിങ്ങൾക്കു മനസിലാകും ഞങ്ങൾ അവയെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന്.' - ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

കൊറിയൻ ലൗ ഗെയിമോ വില്ലൻ?

പ്രത്യേക ടാസ്‌കുകൾ നിഷ്‌കർഷിക്കുന്ന ഗെയിമുകളിൽ കുട്ടികൾ അടിമകളായിരുന്നുവെന്ന അഭ്യൂഹം പൊലീസ് തള്ളിയിട്ടില്ല. എന്നാൽ പ്രാഥമികമായി അക്കാര്യത്തിൽ തെളിവില്ല. ഗൂഗിൽ പ്ലേ സ്റ്റോറിലെ ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു. കൊറിയൻ ഗെയിമുകളായിരുന്നില്ല. സ്ഥിരീകരിക്കാൻ അന്വേഷണത്തിലാണ് പൊലീസ്. കൊറിയൻ ലൗ ഗെയിം ടാസ്‌കുകൾ നൽകുന്ന ഓൺലൈൻ ഗെയിമാണ്. മത്സരമെന്നതിലുപരി ശക്തമായ വൈകാരിക അടുപ്പം തോന്നിക്കുന്ന നിലയിലുള്ളതാണ് ടാസ്‌കുകൾ. കുട്ടികൾക്ക് യഥാർത്ഥ ജീവിതവും, വിർച്വൽ ജീവിതവും തമ്മിലുള്ള അന്തരം തിരിച്ചറിയാൻ കഴിയാതെ പോകുമെന്നതാണ് വെല്ലുവിളി.