മെയ്‌തി - കുക്കി പ്രാതിനിദ്ധ്യം ഉറപ്പാക്കി മണിപ്പൂരിൽ സർക്കാർ

Thursday 05 February 2026 3:05 AM IST

 കുക്കി,​ നാഗാ നേതാക്കൾ ഉപമുഖ്യമന്ത്രിമാർ

ന്യൂഡൽഹി: വംശീയ സംഘർഷത്തിൽ ഉരുകിയ മണിപ്പൂരിൽ മെയ്‌തി - കുക്കി വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യം ഉറപ്പാക്കി പുതിയ എൻ.ഡി.എ സർക്കാർ ഇന്നലെ അധികാരമേറ്റു. മുതിർന്ന ബി.ജെ.പി നേതാവും മെയ്‌തി വിഭാഗത്തിലെ പ്രബലനുമായ യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ബി.ജെ.പിയിലെ കുക്കി വിഭാഗം വനിതാ നേതാവ് നെംച കിപ്ഗെൻ, നാഗാ സമുദായ നേതാവും നാഗാ പീപ്പിൾസ് ഫ്രണ്ട് എം.എൽ.എയുമായ ലോസി ദിഖോ എന്നിവർ ഉപമുഖ്യമന്ത്രിമാരായി. ബി.ജെ.പിയിലെ ഗോവിന്ദാസ് കൊൻതൗജാം, നാഷണൽ പീപ്പിൾസ് പാർട്ടിയിലെ ഖുരായ്ജാം ലോകെൻ സിംഗ് എന്നിവർ മന്ത്രിമാരായി അധികാരമേറ്റു. ഗോവിന്ദാസ് കൊൻതൗജാമിന് ആഭ്യന്തരവകുപ്പ് ലഭിച്ചേക്കും. രാവിലെ യുംനാം ഖേംചന്ദ് സിംഗ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിൻവലിച്ച് വിജ്ഞാപനമിറങ്ങിയതിനു പിന്നാലെ ഇംഫാലിലെ ലോക്‌ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണർ അജയ് കുമാർ ഭല്ല സത്യവാചകം ചൊല്ലിക്കാെടുത്തു. നെംച കിപ്ഗെന് ലോക്ഭവനിലെത്താനായില്ല. ഡൽഹിയിലെ മണിപ്പൂർ ഭവനിലിരുന്ന് ഓൺലൈനായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തെ ബി.ജെ.പി - എൻ.ഡി.എ നേതാക്കൾ, എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പി പ്രവർത്തകർ ഇംഫാലിലെ പാ‌ർട്ടി ഓഫീസിൽ സർക്കാർ രൂപീകരണം ആഘോഷിച്ചു.

'ഞങ്ങളുടെ പിന്തുണയില്ല'

കുക്കി വിഭാഗത്തിലെ എം.എൽ.എമാർ മന്ത്രിസഭയിൽ ചേരരുതെന്ന് കുക്കി സോ കൗൺസിൽ ആവശ്യപ്പെട്ടു. കുക്കി വിഭാഗം വനിതാ നേതാവ് നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. രണ്ട് കുക്കി എം.എൽ.എമാർ മന്ത്രിമാരാകുമെന്നാണ് സൂചന. ഇതിനിടെയാണ് സംഘടന രംഗത്തുവന്നത്. കുക്കികൾക്ക് പ്രത്യേക ഭരണകൂടം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. കുക്കി വിഭാഗക്കാർ സർക്കാരിന്റെ ഭാഗമാകേണ്ടതില്ലെന്ന് ഏകകണ്ഠമായി തീരുമാനിച്ചിരുന്നതാണ്. എന്നിട്ടും സർക്കാരിൽ ചേരുന്നെങ്കിൽ അതു സ്വന്തം തീരുമാനമെന്ന നിലയിൽ ആയിക്കൊള്ളണമെന്നും സംഘടന പ്രതികരിച്ചു.