77ന് മുമ്പ് വനഭൂമിയിൽ കുടിയേറിയവർക്ക് പട്ടയം

Thursday 05 February 2026 12:23 AM IST

 ലാൻഡ് റവന്യൂ കമ്മിഷണർക്കും ജില്ലാ കളക്ടർക്കും റവന്യൂ മന്ത്രിയുടെ നിർദേശം

ഇടുക്കി: കേന്ദ്ര പരിസ്ഥിതി വനംമന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ഭൂമിയിൽ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ലാൻഡ് റവന്യൂ കമ്മിഷണർക്കും ജില്ലാ കളക്ടർക്കും റവന്യൂ മന്ത്രി കെ. രാജൻ നിർദേശം നൽകി. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വെച്ചിരുന്നവർക്ക് പട്ടയം നൽകുക. ഇതിനുള്ള പ്രത്യേക ചട്ടങ്ങൾ പ്രകാരമുള്ള അപേക്ഷകളിന്മേൽ നടപടി സ്വീകരിക്കുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്. സി.എച്ച്.ആറിൽ (ഏലമലക്കാട്) നിന്നും റിസർവ് വനത്തിൽ നിന്നും ഒഴിവാക്കി കിട്ടിയ 28,588 ഹെക്ടർ സ്ഥലത്തിൽ പട്ടയം കിട്ടാത്ത വസ്തുവാണ് പരിഗണിക്കുക. സുപ്രീംകോടതി 2024 ഒക്ടോബറിൽ പുറപ്പെടുവിച്ചിട്ടുള്ള ഇടക്കാല ഉത്തരവിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാകും പട്ടയവിതരണം. 1993ലെ പ്രത്യേക ചട്ടങ്ങളുടെ ഭരണഘടനാ സാധുത 2009ലെ സുപ്രീം കോടതി വിധി പ്രകാരം ശരിവച്ചിട്ടുള്ളതിനാൽ ഇപ്പോൾ സുപ്രീം കോടതി പരിഗണയിലുള്ള കേസുകൾ ഈ പട്ടയ വിതരണത്തെ ബാധിക്കുകയില്ലെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടയ വിതരണ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.

പട്ടയമില്ലാത്തവ‌‌ർ- 26,467

ജില്ലയിൽ 26,467 പേരുടെ കൈവശമാണ് പട്ടയമില്ലാത്ത വനഭൂമിയുള്ളത്. വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

'ഇടുക്കിയിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ ഭൂപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് റവന്യൂ വകുപ്പിന്റെ ഈ നീക്കം. അർഹരായ എല്ലാ കുടുംബങ്ങൾക്കും ഭൂമിക്കുമേൽ നിയമപരമായ അധികാരം ഉറപ്പാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം."

-മന്ത്രി റോഷി അഗസ്റ്രിൻ