അരുതേ, ചെയറിനെ അന്ധനാക്കരുതേ
നിയമസഭയുടെ നാഥനാണ് സ്പീക്കർ. സഭാനാഥനെ അന്ധനാക്കാൻ പ്രതിപക്ഷം ശ്രമിച്ചാൽ എങ്ങനെ സഹിക്കും. കഴിഞ്ഞ ദിവസം പ്രതിഷേധ ബാനർ കൊണ്ട് പ്രതിപക്ഷം സ്പീക്കർ എ.എൻ.ഷംസീറിന്റെ മുഖം മറച്ചതിലുള്ള ഗദ്ഗദം മന്ത്രി എം.ബി രാജേഷാണ് ഇന്നലെ സഭയിൽ പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് സതീശ നെ ആരാണ് അന്ധനാക്കിയതെന്ന സംശയവും മന്ത്രി പ്രകടിപ്പിച്ചു.
ഗാന്ധാരിയെപ്പോലെ സ്വയം കണ്ണുകെട്ടി നടക്കുകയാണ് സതീശൻ. സഭയിൽ നടക്കുന്നതൊന്നും അദ്ദേഹം കാണുന്നില്ലെന്ന് സമർത്ഥിക്കാനാണ് ഗാന്ധാരിയെ വരെ കളത്തിലിറക്കിയത്. കൂട്ടത്തിൽ ചൊവ്വാഴ്ച സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയ രണ്ട് എം.എൽ.എമാർ നേരത്തെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യവും മന്ത്രി രാജേഷ് ഓർമ്മിപ്പിച്ചു. രണ്ടു പേരും നേരത്തെ ഹൈജമ്പ് പരിശീലിച്ചിരുന്നെങ്കിൽ നാടിന് ഗുണം കിട്ടിയേനെ . പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിന്റെ നേതാവായി മാറിയതിലുള്ള പരിഭവവും അദ്ദേഹം മറച്ചുവച്ചില്ല. ലോക് സഭയിൽ പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്കഗാന്ധി ചായ കുടിച്ചതോ അതോ ചായകുടിച്ചെന്ന് പറഞ്ഞതോ തെറ്റെന്ന ന്യായമായ സംശയവും രാജേഷ് ഉന്നയിച്ചു.
സഭയിൽ മൈക്ക് കിട്ടുമ്പോഴെല്ലാം മന്ത്രിമാർ തന്നെ ആക്ഷേപിക്കുകയാണെന്നായിരുന്നു സതീശന്റെ പരാതി . പ്രതിപക്ഷ നേതാവുമായുള്ള ചെറിയ വാദപ്രതിവാദത്തിനിടെ , കഴിഞ്ഞ ദിവസം ബാനർ കെട്ടിയ കമ്പുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ഒരു മെമ്പർ തല്ലിയ കാര്യവും സ്പീക്കർ എടുത്തിട്ടു. ആ മെമ്പർ ആരെന്നു താൻ പറയുന്നില്ലെന്നും പേരു പറയാൻ തന്നെ നിർബ്ബന്ധിതനാക്കരുതെന്നും സ്പീക്കർ കടുത്ത സ്വരത്തിലാണ് പറഞ്ഞത്.
പ്രതിപക്ഷത്തെ പരിഹസിക്കാനുള്ള അതീവ താത്പര്യത്തിലാണ് ഇന്നലെ മന്ത്രി പി.രാജീവും സഭയിൽ സംസാരിച്ചത്. സോണിയഗാന്ധിയെയും പ്രിയങ്കഗാന്ധിയെയും സഭയിൽ ഭരണപക്ഷ അംഗങ്ങൾ തുടർച്ചയായി അധിക്ഷേപിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരാതിപ്പെട്ടതിനെ ഏറ്റുപിടിച്ചായിരുന്നു മന്ത്രി രാജീവിന്റെ പരിഹാസം. സോണിയഗാന്ധിയെ തെരുവിൽ ചെണ്ട കൊട്ടുംപോലെ കൊട്ടാൻ പ്രതിപക്ഷ അംഗങ്ങൾ അവസരം ഉണ്ടാക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വാദം. എം.പിയും യു.ഡി.എഫ് കൺവീനറും സോണിയാ ഗാന്ധിയുടെയും പോറ്റിയുടെയും ഇരു വശവും നിൽക്കുന്ന ചിത്രത്തെക്കുറിച്ചും രാജീവ് അനുബന്ധമായി പറഞ്ഞപ്പോൾ , മുഖ്യമന്ത്രിക്കൊപ്പം പോറ്റി നിൽക്കുന്ന ചിത്രം കൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രതിരോധിച്ചത്.
ഏറെ നേരത്തെ വാദ പ്രതിവാദത്തിന് ശേഷം പ്രതിപക്ഷാംഗങ്ങൾ സഭാ നടപടികൾ ബഹിഷ്കരിച്ചെങ്കിലും ബഡ്ജറ്റു ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷ അംഗങ്ങൾക്ക് പ്രതിപക്ഷത്തെ കുത്തിനോവിക്കാനായിരുന്നു താത്പര്യം. ഇതിൽ നിന്നു വഴിമാറിയത് കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് മാത്രം. നെൽകർഷകരുടെ കണ്ണീരായിരുന്നു അദ്ദേഹത്തിന്റെ വിഷയം. നെല്ലിന്റെ സംഭരണവില 33 രൂപ ആക്കണമെന്ന് പറഞ്ഞു വയ്ക്കുന്നതിനിടെ സ്പീക്കർ ബെല്ല് മുഴക്കിയപ്പോൾ , 'നല്ല കാര്യങ്ങൾ പറയുമ്പോൾ ബെല്ലടിച്ചാൽ എങ്ങനാ സാറേ' എന്ന പരിഭവവും അദ്ദേഹം.പ്രകടിപ്പിച്ചു.