ഇലക്ട്രിക് ബസുകൾ നഗരത്തിന്റെ ഇടറോഡുകളിലേക്ക്

Thursday 05 February 2026 3:36 AM IST

തിരുവനന്തപുരം : സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും. ആദ്യഘട്ടമായി കൗൺസിലർമാർ നിർദ്ദേശിച്ച 23 റൂട്ടുകളിലാണ് സർവീസ് തുടങ്ങുന്നതെന്ന് മേയർ വി.വി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.റൂട്ടുകൾ ഉടൻ കോർപ്പറേഷൻ പ്രസിദ്ധീകരിക്കും.അധികാരത്തിലെത്തിയതിന് പിന്നാലെ ഇലക്ട്രിക് ബസുകൾ നഗരവാസികൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന് മേയർ വി.വി.രാജേഷ് പരാതി ഉന്നയിച്ചിരുന്നു. മന്ത്രി കെ.ബി.ഗണേശ് കുമാറുമായുള്ള തർക്കത്തിനൊടുവിൽ നടത്തിയ ചർച്ചയിലാണ് ഇടറോഡുകളിൽ സർവീസിന് വഴിതെളിഞ്ഞത്. ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങും.രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ ഇടറോഡുകളിൽ സർവീസ് നടത്തുക. നിലവിൽ കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാത്ത വഴികളാണ് ഇതിൽ ഭൂരിഭാഗവും. പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 7.30ന് കൊടുങ്ങാനൂരിൽ നടക്കും. കുലശേഖരം - കൊടുങ്ങാനൂർ - തിട്ടമംഗലം - കുണ്ടമൺകടവ് - കുരുവിക്കാട് വഴിയായിരിക്കും ഈ ബസ് സർവീസ് നടത്തുക. കൗൺസിലർമാർ നിർദ്ദേശിച്ച ചില റൂട്ടുകൾ പ്രയോഗികമല്ലെന്ന് ചർച്ചയിൽ കെ.എസ്.ആർ.ടി.സി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവ പരിഷ്‌കരിച്ച് അടുത്ത ഘട്ടത്തിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് മേയർ അറിയിച്ചു. നിരക്കുകൾ കെ.എസ്.ആർ.ടി.സിയാണ് നിശ്ചയിക്കുക.ആന്റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സിറ്റി സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്. എന്നാൽ കെ.ബി.ഗണേശ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തെന്നായിരുന്നു ആക്ഷേപം.