സി.പി.ഐ പരാതിക്ക് പരിഹാരം: കർഷക തൊഴിലാളി ക്ഷേമ ബോർഡിന് 50 കോടി
തിരുവനന്തപുരം: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് ബഡ്ജറ്റിൽ 50 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ബഡ്ജറ്റ് പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് പ്രഖ്യാപിച്ചത്.
കർഷക തൊഴിലാളി ക്ഷേമബോർഡിനെ ധനവകുപ്പ് അവഗണിക്കുന്നതായും കരുണ കാണിക്കണമെന്നും ബഡ്ജറ്റിന്റെ പൊതുചർച്ചയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആറ് വർഷം മുമ്പ് തുടങ്ങിയ ക്ഷേമബോർഡിന് ധനവകുപ്പിന്റെ പിന്തുണയില്ലെന്ന് സി.പി.ഐയ്ക്ക് പരാതിയുണ്ടായിരുന്നു.
പാലായിൽ കെ.എം.മാണി ഫൗണ്ടേഷന് രണ്ടു കോടിയും പാല ഹോട്ടൽ മനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആറു കോടിയും പാല ഇൻഫോസിറ്റിക്ക് ഏഴ് കോടിയും അനുവദിച്ചു.
സംസ്ഥാനത്തെ കരാർ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തിൽ അഞ്ചു ശതമാനം വർധദ്ധിപ്പിക്കുമെന്നും വിശ്വകർമ്മ പെൻഷൻ തുക 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നും ധനമന്ത്രി അറിയിച്ചു. എസ്.എസി.എസ്.ടി.വിദ്യാർത്ഥികളുടെ ലപ്സംഗ്രാൻഡിൽ 10% വർദ്ധനയും നൽകി. സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി രൂപ വകയിരുത്തി.വിളനാശം, വളർത്തുമൃഗങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന നഷ്ടപരിഹാര തുകയും മനുഷ്യ-വന്യജീവിസംഘർഷത്തിനിടയിൽ പരിക്കുപറ്റിയവർക്ക് ദീർഘകാല ചികിത്സയ്ക്ക് നൽകിവരുന്ന സഹായധനവും വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ശബരി റെയിൽ തലസ്ഥാനത്തേക്ക്
നീട്ടുന്ന പഠനത്തിന് 2 കോടി
*ശബരി റെയിൽ തിരുവനന്തപുരത്തേക്ക് നീട്ടാൻ പഠനത്തിന് രണ്ടു കോടി ധനമന്ത്രി പ്രഖ്യാപിച്ചു
*കൈത്തറി സഹകരണ സംഘങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം 5 കോടി
*പട്ടികജാതി ഉന്നതികളിൽ തൊഴിൽ കേന്ദ്രങ്ങൾ 10 കോടി *പട്ടികജാതി പട്ടികവർഗ വ്യവസായ സംരംഭകർക്ക് പലിശ സബ്സിഡി നൽകുന്നതിന് 10 കോടി
*പ്രീപ്രൈമറി ആയമാരുടെ പ്രതിമാസ വേതനം 500 രൂപകൂട്ടി. *കണ്ണൂർ അന്താരാഷ്ട്ര യോഗ റിസർച്ച് സെന്റർ നിർമ്മാണത്തിനായി 2 കോടി *എസ്.സി എസി.ടി പ്രമോട്ടർമാരുടെ വേതനത്തിൽ 1000 രൂപകൂട്ടി *തൊഴിൽ നഷ്ടപ്പെട്ട കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് തൊഴിലിനായി 10 കോടി *കക്ക തൊഴിലാളികൾക്ക് ഒരു കോടി കേരള സ്റ്റേറ്റ് ഡിസൈൻ കൗൺസിൽ *പ്രൊഫഷണൽ സ്റ്റേജ്,നാടക കലാകാരന്മാരുടെക്ഷേമത്തിനായി 5 കോടി *കണ്ണൂർ ഹജ്ജ് ക്യാമ്പിന് ഒരു കോടി *പരവൂർ ദേവരാജൻ സെന്റർ 1.5 കോടി *റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന് ഒരു കോടി *കണ്ണൂർ ഹജ്ജ് ഹൗസ് നിർമ്മാണത്തിന് 5 കോടി