അങ്ങേയറ്റത്തെ നിരാശ : ഹൈക്കോടതികളിൽ ജാമ്യാപേക്ഷകൾ കെട്ടികിടക്കുന്നതിൽ സുപ്രീംകോടതി

Thursday 05 February 2026 12:01 AM IST

ന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ വലിയതോതിൽ ജാമ്യാപേക്ഷകൾ തീർപ്പാകാതെ കെട്ടികിടക്കുന്നതിൽ അതൃപ്‌തിയും ആശങ്കയും രേഖപ്പെടുത്തി സുപ്രീംകോടതി. അങ്ങേയറ്റത്തെ നിരാശയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലെ ജാമ്യാപേക്ഷകൾ നിരന്തരം മാറ്റിവയ്‌ക്കുന്നത് അഭിഭാഷകൻ പരാമർശിച്ചപ്പോഴാണ് പ്രതികരണം. പല ഹൈക്കോടതികളിലെയും സ്ഥിതി വളരെ മോശമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതിലെ അലസതയിൽ അതൃപ്‌തി പ്രകടിപ്പിച്ചു. ന്യായമായ സമയത്തിനുള്ളിൽ ജാമ്യാപേക്ഷകളിൽ തീർപ്പുണ്ടാകണം. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ പരിഹാരനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയിലിൽ കിടക്കുന്നവർക്ക് അവരുടെ അപേക്ഷയിൽ എപ്പോൾ തീരുമാനമുണ്ടാകുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സൂചന നൽകി. 2025 ജനുവരി ഒന്നുമുതൽ കെട്ടികിടക്കുന്നവയുടെ കണക്കുകൾ കൈമാറാൻ ഹൈക്കോടതി രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകി.