വാഹന മോഷ്ടാക്കൾ പിടിയിൽ

Thursday 05 February 2026 2:07 AM IST

വർക്കല: ബൈക്ക് മോഷ്ടിച്ച യുവാക്കളെ വർക്കല പൊലീസ് പിടികൂടി. ഇടുക്കി തോപ്രാംകുടി പള്ളിക്ക് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ രാഹുൽ( 20),വർക്കല പാളയംകുന്ന് ഫാക്ടറി ജംഗ്ഷൻ സമീപം ശാസ്താംനട പുലിയത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വക്കം ലയംവീട്ടിൽ വിഷ്ണു (ജയേഷ് 18) എന്നിവരെയാണ് പിടികൂടിയത്. ഞായറാഴ്ച രാത്രി വർക്കല കിളിത്തട്ടുമുക്ക് ക്ഷേത്രത്തിന് മുൻവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ശ്രീനിവാസപുരം സ്വദേശി അമൽ സജീവിന്റെ ബൈക്കാണ് മോഷ്ടിച്ചത്.ബൈക്ക് കടത്തിക്കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യമുൾപ്പെടെ പൊലീസിൽ പരാതി നൽകിയിരുന്നു. സുഹൃത്തുക്കളോടൊപ്പം അമൽ വാഹനത്തിനായി തെരച്ചിൽ നടത്തുന്നതിനിടെ, മൈതാനം പമ്പിൽ പെട്രോൾ നിറയ്ക്കാനെത്തിയ നിറം മാറ്റം വരുത്തിയ ബൈക്ക് ശ്രദ്ധയിൽപ്പെടുകയും സംശയം തോന്നി പരിശോധിച്ചപ്പോൾ മോഷണം പോയ ബൈക്കാണെന്ന് തിരിച്ചറിയുകയും ചെയ്തു. സീറ്റ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പല നിറത്തിലുള്ള സ്പ്രേ പെയിന്റ് ഉപയോഗിച്ച് നിറം മാറ്റിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കവും കൈയേറ്റവുമായി. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും മോഷ്ടാക്കളിൽ ഒരാളായ ജയേഷ് ഓടി രക്ഷപ്പെട്ടു. രാഹുലിനെ അമൽ തന്നെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് പരിശോധനയിൽ ജയേഷിനെ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടി. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

ഫോട്ടോ:രാഹുൽ,ജയേഷ്