ലോക്‌സഭ ഇന്നലെയും പ്രക്ഷുബ്ധം, ഭരണ-പ്രതിപക്ഷം നേർക്കുനേർ, മോദിക്ക് പ്രസംഗിക്കാനായില്ല

Thursday 05 February 2026 12:44 AM IST

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിലും എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്‌തതിലുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്‌സഭ ഇന്നലെയും പ്രക്ഷുബ്ധം. ഭരണ-പ്രതിപക്ഷം നേർക്കുനേർ പോരടിച്ചു. മൂന്നാം ദിവസവും വാക്പോരിലും മേശപ്പുറത്ത് കയറി കടലാസ് കീറിയെറിയലിലും കലാശിച്ചു. ഇന്നലെ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവും നടന്നില്ല.

വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ പ്രസംഗം നിശ്ചയിച്ച സമയത്ത് പ്രതിഷേധം ശക്തമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാർലമെന്റിന്റെ ഓഫീസിലുണ്ടായിട്ടും പ്രധാനമന്ത്രി സഭയിലെത്തിയില്ല. ശേഷവും പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനടുത്തു നിന്ന് മുദ്രാവാക്യം വിളിച്ച കോൺഗ്രസ് വനിതാ എം.പിമാരായ വർഷാ ഗെയ്‌ക്‌വാദ്, ജോതിമണി, ആർ. സുധ, പ്രതിഭ ധനോർകർ എന്നിവരെ കേന്ദ്ര മന്ത്രി അശ്വനി വൈഷ്‌ണവിന്റെ നേതൃത്വത്തിൽ ബി.ജെ.പി എം.പിമാർ തടഞ്ഞു. ഇവർ തമ്മിലുള്ള വാക്‌പോര് കൈയാങ്കളിയിലേക്ക് പോകുന്ന സ്ഥിതിയെത്തി. മുതിർന്ന നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. വനിതാ എം.പിമാർ മോദിയം ലക്ഷ്യമിട്ടെന്ന് ബി.ജെ.പി ആരോപിച്ചു.

രാവിലെ 11ന് സഭാ നടപടികൾ ആരംഭിച്ചതു മുതൽ സഭ പ്രക്ഷുബ്‌ധമായിരുന്നു. രാഹുലിനെ പ്രസംഗിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ 12വരെ നിറുത്തി. പിന്നീട് ചേർന്ന സഭയിൽ ബഹളത്തിനിടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ യു.എസുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രസ്‌താവന നടത്തിയ ശേഷം രണ്ടുമണിവരെ നിറുത്തിവച്ചു.

രണ്ടിന് രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ബി.ജെ.പി എംപി നിഷികാന്ത് ദുബേ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരുമായി ബന്ധപ്പെട്ട പുസ്‌കങ്ങൾ ഉയർത്തി പ്രസംഗിച്ചത് കോൺഗ്രസ് അംഗങ്ങളെ പ്രകോപിതരാക്കി. പുസ്‌തകം പ്രദർശിപ്പിക്കരുതെന്ന സ്‌പീക്കറുടെ റൂളിംഗ് സഭ നിയന്ത്രിച്ച കൃഷ്‌ണപ്രദാസ് ടെന്നറ്റി ഓർമ്മിപ്പിച്ചിട്ടും ദുബെ പ്രസംഗം തുടർന്നു. ഇതോടെ നടുത്തളത്തിലായിരുന്ന ഷാഫി പറമ്പിൽ അടക്കം അംഗങ്ങൾ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി ചെറിന് നേരെ കടലാസ് കീറീയെറിഞ്ഞു. തുടർന്ന് നടപടികൾ വൈകിട്ട് അഞ്ചുവരെ നിറുത്തി.

നാലുമണിക്ക് സ്‌പീക്കർ ഓം ബിർള വിളിച്ച സമവായ ചർച്ചയിൽ ദുബെയ്‌ക്കെതിരെ കോൺഗ്രസ് നടപടി ആവശ്യപ്പെട്ടു.

ചൊവ്വാഴ്‌ച സസ്‌പെൻഡ് ചെയ്യപ്പെട്ട ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് അടക്കം എട്ട് എം.പിമാർ പാർലമെന്റിന്റെ മകരദ്വാർ കവാടത്തിന് മുന്നിലെ പടികളിൽ ധർണ നടത്തി. ജനറൽ നരെവനെയുടെ പുസ്‌തകത്തിന്റെ പുറംച്ചട്ടയും പ്രധാനമന്ത്രിയുടെയും വിവാദ നായകൻ ജെഫ്രി എംപ്‌സ്റ്റീന്റെയും ഫോട്ടോയും പതിച്ച ബാനറുമായാണ് പ്രതിഷേധം.