കത്തിക്കുത്ത് : 39കാരന് മൂന്ന് വർഷം കഠിനതടവ്
വടക്കാഞ്ചേരി : വഴി ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും, അര ലക്ഷം പിഴയും ശിക്ഷ. തെക്കുംകര പുന്നംപറമ്പ് സ്വദേശി മടത്തി പറമ്പിൽ വീട്ടിൽ രതീഷിനെയാണ് (എം.ആർ.കണ്ണൻ 39) വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ ആറ് മാസം അധികം തടവ് അനുഭവിക്കണം. വടക്കാഞ്ചേരി പൊലീസിന്റെ ലോക്കൽ റൗഡി ലിസ്റ്റിലുള്ള ഇയാൾ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 2023 മാർച്ച് 26നായിരുന്നു സംഭവം. ആലപ്പുഴ സ്വദേശികളും ജോലി ആവശ്യത്തിനായി ഓട്ടുപാറയിൽ താമസിക്കുന്നവരുമായ യുവാക്കൾ രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങുമ്പോൾ ബാർ ഹോട്ടലിലേക്കുള്ള വഴി ചോദിച്ചതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രതിയും, സുഹൃത്തുക്കളും ചേർന്ന് പരാതിക്കാരനെ അസഭ്യം പറയുകയും കുത്തി വീഴ്ത്തുകയുമായിരുന്നു. വടക്കാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.മാധവൻ കുട്ടി രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർമാരായ ഡി.എസ്.ആനന്ദ്, ടി.സി.അനുരാജ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഇ.എ.സീനത്ത് ഹാജരായി.