'സ്വകാര്യത വച്ച് കളിക്കരുത്'

Thursday 05 February 2026 1:57 AM IST

ഏതൊരു രാജ്യത്തിന്റെയും നിയമം പാലിക്കാൻ അവിടെ പ്രവർത്തിക്കുന്ന കമ്പനികൾ ബാദ്ധ്യസ്ഥരാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിക്കെതിരെ അമേരിക്കയിലേ കേസ് കൊടുക്കാൻ പറ്റൂ എന്നു വന്നാൽ അവർ ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കും. കാരണം, കേസ് കൊടുക്കാൻ അമേരിക്ക വരെ പോകാൻ ആരും തയ്യാറാകാത്തതു തന്നെ. ഓരോ രാജ്യത്തെ നിയമങ്ങളും നിർമ്മിക്കുന്നത് അവിടത്തെ പൗരന്മാരുടെ ക്ഷേമത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. അത് ലംഘിക്കപ്പെടാൻ പാടില്ല. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടുപോകാൻ വാട്സ്ആപ്പിനും മാതൃ കമ്പനിയായ മെറ്റയ്ക്കും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയുണ്ടായി.

വാട്സ്‌ആപ്പിന്റെ 2021-ലെ സ്വകാര്യതാ വ്യവസ്ഥകൾക്കെതിരെ കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ ചുമത്തിയ 213.14 കോടി രൂപയുടെ പിഴ ശരിവച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ കമ്പനി നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പക്ഷത്തുനിന്ന് കടുത്ത വിമർശനമുണ്ടായത്. വാട്സ്‌‌‌ആപ്പ് കൊണ്ടുവന്ന സ്വകാര്യതാ വ്യവസ്ഥകളിൽ നിന്ന് ഒഴിവാകാൻ വ്യക്തമായ ഒരു ഓപ്‌ഷൻ ലഭ്യമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 'നിങ്ങളുടെ മൊബൈൽ ഫോൺ കാണിക്കൂ. സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനുള്ള മാന്യമായ രീതിയാണത്. നിങ്ങളുടെ വാണിജ്യ താത്‌പര്യം കോടതിക്ക് അറിയാം. നിങ്ങൾ എങ്ങനെയാണ് ഉപഭോക്താക്കളെ ഈ ആപ്പിന്റെ അടിമയാക്കുന്നതെന്നും അറിയാം. എല്ലാവരും ഇത് ഉപയോഗിക്കുന്നു. നിങ്ങളുടെ നയത്തിൽ നിന്ന് ഒഴിവാകാനുള്ള അവകാശമുണ്ടെങ്കിൽ ജനങ്ങൾക്ക് എങ്ങനെ അറിയാനാകും?" - ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

ആളുകളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലെന്നും ഞങ്ങളുടെ ഡാറ്റയുടെ ഒരു അക്കം പോലും പങ്കിടാൻ അനുവദിക്കില്ലെന്നും ഉന്നത കോടതി ശക്തമായ ഭാഷയിൽ കമ്പനിയെ അറിയിക്കുകയും ഇന്ത്യൻ ഭരണഘടന പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുന്നതാണ് ഉത്തമമെന്ന് പറയുകയും ചെയ്തു.

രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്ര‌രും വിദ്യാഭ്യാസമില്ലാത്തവരുമായ ജനങ്ങൾക്ക് മെറ്റയുടെ നയം വായിച്ചുനോക്കി മനസിലാക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. ഇതിന് മറുപടിയായി 'ഓപ്‌റ്റ് ഔട്ട്" എന്ന ക്ളോസ് ഉണ്ടെന്ന് കമ്പനിയുടെ അഭിഭാഷകൻ വിശദീകരിച്ചതു കേട്ടപ്പോൾ സ്വകാര്യത മോഷ്ടിക്കുന്നതിനുള്ള ഒരു മാർഗമാണ അതെന്ന് കോടതി കുറ്റപ്പെടുത്തി. തുടർന്ന് ചീഫ് ജസ്റ്റിസ് സ്വന്തം അനുഭവം കോടതി മുറിയിൽ പറഞ്ഞു:

' അസുഖമാണെന്ന് നമ്മൾ ഒരു ഡോക്ടർക്ക് വാട്സ്‌ആപ്പിൽ സന്ദേശം അയച്ചാൽ,​ ഡോക്ടർ ചില മരുന്നുകളുടെ കുറിപ്പടി തിരിച്ച് അയയ്ക്കുന്നതിനു പിന്നാലെ ഈ അസുഖവുമായി ബന്ധപ്പെട്ട മരുന്നുകളുടെ പരസ്യമാവും നമ്മുടെ ഫോണിലെത്തുക. വാട്സ്‌‌ആപ്പ് ഉപയോഗിക്കുന്നവരുടെ അനുഭവമാണ് ചീഫ് ജസ്റ്റിസ് ചൂൂണ്ടിക്കാണിച്ചത്. എന്നാൽ എല്ലാ സന്ദേശങ്ങളും ആദ്യവസാനം എൻക്രിപ്‌റ്റഡ് ആണെന്നും കമ്പനികൾക്കു പോലും സന്ദേശങ്ങളുടെ ഉള്ളടക്കം കാണാൻ കഴിയില്ലെന്നുമായിരുന്നു കമ്പനിയുടെ മറുപടി.

മനുഷ്യന്റെ സ്വകാര്യതയിലേക്ക് സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് കടന്നുകയറി വിവരങ്ങൾ ശേഖരിക്കുന്നു എന്നതിന് രാജ്യത്തു നടക്കുന്ന വെർച്വൽ അറസ്റ്റുകളും സൈബർ തട്ടിപ്പുകളും തന്നെയാണ് ഏറ്റവും വലിയ തെളിവുകൾ. തട്ടിപ്പുകാർക്ക് ടെക് ഭീമൻ കമ്പനികൾ വിവരങ്ങൾ കൈമാറുന്നുണ്ടോ എന്നറിയാൻ ഒരു മാർഗവുമില്ല. അതിനാൽ സ്വകാര്യത വച്ച് കളിക്കരുത് എന്ന സുപ്രീംകോടതിയുടെ മുന്നറിയിപ്പ് ഏറെ സ്വാഗതാർഹമാണ്.