ഇറാനിയൻ ഡ്രോണിനെ തകർത്ത് യു.എസ്
ടെഹ്റാൻ: അറബിക്കടലിൽ നിലയുറപ്പിച്ച തങ്ങളുടെ വിമാനവാഹിനി കപ്പലിനെ ലക്ഷ്യമാക്കി വന്ന ഇറാന്റെ ഡ്രോണിനെ വെടിവച്ചിട്ടെന്ന് യു.എസ് സൈന്യം. യു.എസ്.എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഡ്രോണിനെയാണ് യു.എസ് നേവിയുടെ എഫ് - 35 സി യുദ്ധവിമാനം തകർത്തത്.
മണിക്കൂറുകൾക്ക് ശേഷം ഹോർമൂസ് കടലിടുക്കിൽ വച്ച് യു.എസ് എണ്ണ ടാങ്കറിനെ പിടിച്ചെടുക്കാൻ ഇറാൻ റെവലൂഷണറി ഗാർഡ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മേഖലയിൽ തുടരുന്ന യു.എസ് നേവി കപ്പലുകൾ ടാങ്കറിന് അകമ്പടി നൽകി സുരക്ഷിത മേഖലയിലെത്തിച്ചു.
അതേ സമയം, യു.എസ്-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള പരോക്ഷ ആണവ ചർച്ച നാളെ ഒമാനിലെ മസ്‌കറ്റിൽ നടക്കും. ഖത്തർ, തുർക്കി, ഈജിപ്റ്റ് എന്നിവരുടെ മദ്ധ്യസ്ഥതയിലാണ് ചർച്ച. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം മൂന്ന് വർഷത്തേക്ക് നിറുത്തിവയ്ക്കുന്നതും ഇറാന്റെ ആണവ ശേഖരം മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ചട്ടക്കൂട് മദ്ധ്യസ്ഥ രാജ്യങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും യു.എസിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കും.