ഗദ്ദാഫിയുടെ മകൻ കൊല്ലപ്പെട്ടു

Thursday 05 February 2026 7:02 AM IST

ട്രിപോളി: ലിബിയൻ മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി (53) വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ സിന്റാനിലെ വസതിയിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച നാല് പേർ സെയ്ഫിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. സുരക്ഷാ ക്യാമറകൾ തകർത്ത ശേഷമാണ് ഇവർ സെയ്ഫിനെ വെടിവച്ചത്.

ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്‌സിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ സെയ്ഫ്,​ ഒരു ഘട്ടത്തിൽ മുഅമ്മർ ഗദ്ദാഫിയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്നു. ആദ്യം പുരോഗമന ചിന്താഗതിയുള്ള,​ പാശ്ചാത്യ അനുകൂല നേതാവായാണ് സെയ്ഫിനെ വിലയിരുത്തിയിരുന്നത്. എന്നാൽ പിതാവിന്റെ പതനത്തിനും കൊലപാതകത്തിനും വഴിവച്ച 2011ലെ അറബ് വസന്ത പ്രക്ഷോഭങ്ങൾക്കിടെ,​ പ്രതിഷേധക്കാർക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചു.

ലിബിയൻ ജനതയെ ക്രൂരമായി അടിച്ചമർത്തിയതിന്റെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2011 നവംബറിൽ സിന്റാനിലെ സായുധസേനയുടെ പിടിയിലായ സെയ്ഫ്, 2017ലാണ് ജയിൽ മോചിതനായത്. 2015ൽ ട്രിപോളിയിലെ കോടതി സെയ്ഫിന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് മാപ്പ് നൽകി. 2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ഗദ്ദാഫിയുടെ പത്ത് മക്കളിൽ രണ്ടാമത്തെയാളാണ് സെയ്ഫ്.