ഗാസയിൽ ഇസ്രയേൽ ആക്രമണം: 21 മരണം

Thursday 05 February 2026 7:02 AM IST

ടെൽ അവീവ്: ഗാസയിൽ ഇന്നലെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിലും ടാങ്ക് ഷെല്ലിംഗിലുമായി ആറ് കുട്ടികൾ അടക്കം 21 പേർ കൊല്ലപ്പെട്ടു. 10 ദിവസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഖാൻ യൂനിസ്, ഗാസ സിറ്റി എന്നിവിടങ്ങളിലായിരുന്നു ആക്രമണം. സൈന്യത്തിന് നേരെ വെടിവയ്പുണ്ടായെന്നും തിരിച്ചടിയായിട്ടാണ് ആക്രമിച്ചതെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം.

അതേസമയം, റാഫ അതിർത്തിയിലൂടെ ഗാസയിൽ നിന്ന് രോഗികളായ പാലസ്തീനികളെ ഈജിപ്റ്റിലേക്ക് കടത്തിവിടുന്നത് ഇസ്രയേൽ താത്കാലികമായി നിറുത്തിവച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പുനരാരംഭിച്ചു. തിങ്കളാഴ്ചയാണ് രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റാഫ ഔദ്യോഗികമായി തുറന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ 530ഓളം പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 2023 ഒക്ടോബർ 7ന് യുദ്ധം തുടങ്ങിയത് മുതൽ 71,800ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.