നാഗമ്പടം ക്ഷേത്രം അന്തർദേശീയ തീർത്ഥാടന കേന്ദ്രം ; വഴി തുറക്കുന്നത്  വികസന വാതായനം

Friday 06 February 2026 12:37 AM IST

കോട്ടയം : അന്തർദേശീയ തീർത്ഥാടന കേന്ദ്രമായി നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രം മാറുമ്പോൾ, കോട്ടയത്തിന്റെ വികസന മുന്നേറ്റത്തിനും മുതൽക്കൂട്ടാവും. എം.സി റോഡിനും,​ മീനച്ചിലാറിനും,​ റെയിൽവേ സ്റ്റേഷനും സമീപമായതിനാൽ ത്രിതല ഗതാഗതത്തിനും പ്രാധാന്യം കൈവരും. മീനച്ചിലാറിൻ തീരത്ത് തീർത്ഥാടന കേന്ദ്രവും,​ വിശ്രമകേന്ദ്രവും അടക്കം ആദ്യ ഘട്ടത്തിൽ ഉയരും. കേന്ദ്ര ഫണ്ടുകൾ കൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ഭാരവാഹികൾ. സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടുകോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് അടുത്ത സാമ്പത്തിക വർഷം തുടക്കമിടും. ശിവഗിരി പോലെ നാഗമ്പടത്തിനും പ്രാധാന്യം കൈവരുമ്പോൾ തീർത്ഥാടകപ്രവാഹമുണ്ടാകും. ശിവഗിരി തീർത്ഥാടന സമയത്തും ശബരിമല സീസണിലും ഇടത്താവളം പോലെ പ്രവർത്തിക്കും. ഇതിന് പുറമേയാണ് സംസ്ഥാന സർക്കാരിന്റെ പണമുപയോഗിച്ചുള്ള പശ്ചാത്തല വികസനം.

തീർത്ഥാടന സർക്യൂട്ടിന് സാദ്ധ്യത

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളോ, മാന്നാനവും താഴത്തങ്ങാടിയും ഉൾപ്പെടെയുള്ള വിവിധ ആരാധാനാലയങ്ങളും ബന്ധിപ്പിച്ചോ തീർത്ഥാടന സർക്യൂട്ടിന്റെ സാദ്ധ്യതയുമുണ്ട്. കുമരകം വഴി മീനച്ചിലാറിലൂടെ നാഗമ്പടത്തെത്താനുള്ള ജലപാതയ്ക്കും സാദ്ധ്യതയുണ്ട്. റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിൽ നിന്ന് ക്ഷേത്ര പരിസരത്തേയ്ക്ക് പാലം കൂടി നിർമ്മിച്ചാൽ കൂടുതൽ പ്രയോജനകരമാകും. എം.സി.റോഡിനൊപ്പം കോട്ടയം റെയിൽവേ സ്റ്റേഷന്റെ വികസനത്തിനും കാരണമാകും. സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു.

നാഗമ്പടത്ത് ഗവേഷണ കേന്ദ്രം നാഗമ്പടത്തിന്റെ ചരിത്രം പുതുതലമുറയ്ക്ക് അറിയാനുള്ള ഗവേഷണ കേന്ദ്രം അടക്കമുള്ള സംവിധാനങ്ങളുടെ വിശാല സാദ്ധ്യതയുണ്ട്. വിദേശികളടക്കമുള്ളവർക്ക് താമസിച്ച് ഗവേഷണം നടത്താനുള്ള സൗകര്യങ്ങളും വേണം. കുമാരനാശാന്റെ സ്മരണകളുറങ്ങുന്ന ക്ഷേത്രാങ്കണത്തിലെ കവി കുമാര മന്ദിരം സ്മാരകമാകുന്നതും മ്യൂസിയത്തിന്റെ പ്രസക്തിയും വലുതാണ്.

തേന്മാവ് ആരാധന മൂർത്തിയാവും

ഗുരുദേവൻ വിശ്രമിച്ച നാഗമ്പടം ക്ഷേത്രാങ്കണത്തിലെ തേന്മാവിനെ ആരാധിക്കും വിധം സംരക്ഷിക്കുമെന്ന് യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരനും, ജോ.കൺവീനർ വി.ശശികുമാറും പറഞ്ഞു. വൃക്ഷാരാധന സംസ്കാരത്തിന്റെ ഭാഗമായതിനാൽ ആ തലത്തിലേയ്ക്ക് ഉയർത്തുകയാണ് ലക്ഷ്യം.

മന്ത്രി വാസവന് നന്ദി

ജാതി മതഭേദമന്യേ ജനലക്ഷങ്ങൾ എത്തിച്ചേരുന്ന നാഗമ്പടം ശ്രീമഹാദേവക്ഷേത്രം തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന നിവേദനം മന്ത്രി വി.എൻ വാസവൻ പരിഗണിക്കുകയും ഇടപെടുകയുമായിരുന്നു. മന്ത്രിയോട് കോട്ടയം യൂണിയൻ എന്നും കടപ്പെട്ടിരിക്കും.

സുരേഷ് പരമേശ്വരൻ, യൂണിയൻ കൺവീനർ