ഗ്രൗണ്ട് ഫയറിൽ വലഞ്ഞ് ഫയർഫോഴ്സ്

Friday 06 February 2026 12:47 AM IST

കോട്ടയം : കടുത്ത ചൂടിൽ തോട്ടങ്ങൾക്കും പുൽമേടുകൾക്കും അടിക്കാടുകൾക്കും ചപ്പുചവറുകൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കും തീ പിടിക്കുന്ന 'ഗ്രൗണ്ട് ഫയറുകൾ' ആവർത്തിക്കുന്നത് ഫയർഫോഴ്‌സിന് തലവേദനയായി. കഴിഞ്ഞ ആഴ്ച മുതൽ വിശ്രമമില്ലാത്ത ഓട്ടത്തിലാണ് ഫയർഫോഴ്സ് ടീം. മൂന്നാഴ്ചയായി ജില്ലയിലെ ശരാശരി ചൂട് 35 ഡിഗ്രിയ്ക്ക് മുകളിലാണ്. ഇടയ്ക്ക് രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയതും കോട്ടയത്താണ്. കുടിവെള്ള ക്ഷാമവും ജലാശയങ്ങൾ വറ്റിയതും ആളുകൾക്ക് പെട്ടെന്ന് തീയണയ്ക്കാനുള്ള സാഹചര്യമില്ലാതാക്കി. ഇതോടെ ചെറിയ തീപിടിത്തത്തിന് പോലും ഫയർഫോഴ്സ് എത്തണം. ചെറുകാടിലേയ്ക്ക് വലിച്ചെറിയുന്ന ചെറിയൊരു ബീഡിക്കുറ്റി പോലും ഗ്രൗണ്ട് ഫയറിന് കാരണമാകും. നിയന്ത്രിക്കുക എളുപ്പമല്ല. പ്രകൃതിയ്ക്കും വന്യജീവി സമ്പത്തിനുമെല്ലാം ഭീഷണിയാണിത്. വാഹനങ്ങൾക്ക് കടന്നു ചെല്ലാനാകാത്ത ദുർഘടമായ സ്ഥലങ്ങളിൽ തീപടരുമ്പോൾ എത്തിച്ചേരുകയാണ് ഫയർഫോഴ്സിന് വെല്ലുവിളി.

അശ്രദ്ധ അരുത്, ആളിക്കത്തും  ചപ്പുചവറുകൾ കത്തിച്ചാൽ തീ കെടുത്തിയെന്ന് ഉറപ്പാക്കണം  പകലും കാറ്റുള്ളപ്പോഴും ചപ്പുചവറുകൾ കത്തിക്കരുത്

 വിറക് പുരകൾ, ഇന്ധനങ്ങൾ സൂക്ഷിക്കുന്ന ഷെഡുകളുടെ പരിസരം വൃത്തിയാക്കണം

 ഉണങ്ങിയ പുല്ലുകൾക്കു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യരുത്

സ്ഥാപനങ്ങൾ അടയ്ക്കുമ്പോൾ വൈദ്യുത ബന്ധം വിച്ഛേദിച്ചെന്ന് ഉറപ്പാക്കണം

തീപടരാതിരിക്കാൻ ആളുകൾ ബോധവാന്മാരാകണം. ഫയർ ബ്രേക്കിനുള്ള സംവിധാനം ക്രമീകരിക്കണം.

(ഫയർഫോഴ്സ് ഉദ്യോഗസ്ഥർ)