സ്വദേശാഭിമാനി പാർക്ക് ശോചനീയാവസ്ഥയിൽ
നെയ്യാറ്റിൻകര: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വൈകുന്നേരങ്ങൾ ചെലവിടാനായി ഒരുക്കിയിരുന്ന സ്വദേശാഭിമാനി പാർക്ക് ആരും തിരിഞ്ഞു നോക്കാതെ ശോചനീയാവസ്ഥയിൽ. കുട്ടികൾക്ക് കളിക്കാനായി മാജിക് കേവും ജലധാര യന്ത്രങ്ങളുമായി ആകർഷണ കേന്ദ്രമായിരുന്ന പാർക്കാണ് ഇപ്പോൾ അനാഥമായി കിടിക്കുന്നത്. അറ്റകുറ്റപ്പണികൾ ചെയ്ത് വർഷംതോറും നവീകരിക്കാത്തതാണ് പാർക്ക് വൃത്തിഹീനമാകാൻ കാരണം. 2015-20ലെ നഗരസഭാ ഭരണസമിതി സ്വകാര്യ വ്യക്തിക്ക് സംരക്ഷണ ചുമതലയേൽപ്പിച്ചിരുന്നപ്പോൾ പാർക്ക് മനോഹരമായിരുന്നതായി നാട്ടുകാർ പറയുന്നു. പിന്നീട് നഗരസഭയുടെ നിയന്ത്രണത്തിലായി. നേരത്തേയുണ്ടായിരുന്ന ജലധാര യന്ത്രത്തിലെ തകാറ് പരിഹരിക്കുന്നതിനുപകരം പാടെ ഇളക്കിമാറ്റി. പാർക്കിന് തറയിലെ പുൽമേടിൽ ദിവസവും ജലം ഒഴിച്ച് സംരക്ഷിക്കാത്തതിനാൽ വേനലായതോടെ പുൽമേട് കരിഞ്ഞു. പാർക്കിനുള്ളിലെ പൈപ്പുകൾ കേടായതുകാരണം ശുദ്ധജല വിതരണവും നിലച്ചു. സംരക്ഷണ ഭിത്തിയും പലയിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.
ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് പാർക്ക് ആധുനിക രീതിയിൽ നവീകരിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിട്ടും നഗരസഭ അതിലേക്കുള്ള പ്രോജക്ട് നൽകിയില്ല.
പാർക്ക് നവീകരിക്കണം
ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്വദേശാഭിമാനി പാർക്കിലാണ് മുൻകാലങ്ങളിൽ കുടുംബസമേതം ആൾക്കാർ വൈകുന്നേരങ്ങളിൽ വിശ്രമിക്കാനും വിനോദത്തിനുമായി എത്തിയിരുന്നത്.
പാർക്ക് അടിയന്തരമായി മെയിന്റനൻസ് ചെയ്യണമെന്നും അതിലേക്ക് തുക അനുവദിക്കണമെന്നും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വി.വിജയബോസ് കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗത്തിൽ ആവശ്യം ഉന്നയിച്ചിരുന്നു.